സാധു ആനന്ദവനം സ്വാമിക്ക് വേദി നിഷേധിച്ചിട്ടില്ലെന്ന് ദേവസ്വം ബോർഡ്

Friday 21 March 2025 12:09 AM IST

തൃശൂർ: മഹാമണ്ഡലേശ്വർ ആനന്ദവനം സ്വാമിയുടെ സ്വീകരണത്തിന് വേദി നിഷേധിച്ചിട്ടില്ലെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്. ശ്രീമൂലസ്ഥാനത്ത് സ്ഥലം അനുവദിക്കണമെന്ന് അപേക്ഷ കിട്ടിയെങ്കിലും തന്ത്രി അനുമതി നിഷേധിച്ചു. ശ്രീമൂലസ്ഥാനത്ത് താത്കാലിക സ്റ്റേജ് കെട്ടി ഇരുന്ന് അനുഗ്രഹം നൽകുന്ന സമ്പ്രദായം ഇല്ലെന്നതിനാൽ വിവേകാനന്ദ സ്‌ക്വയറിലാണ് സ്ഥലം അനുവദിച്ചത്. ഈ വിവരം അപേക്ഷകനെ അറിയിച്ചിരുന്നതായും കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ.ഉദയകുമാർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

തന്ത്രിയുടെ രേഖാമൂലമുള്ള മറുപടി കിട്ടിയശേഷമാണ് അപേക്ഷകനെ ഫോണിൽ വിളിച്ച് വിവരം അറിച്ചത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ അനുമതി ലഭിക്കും മുൻപേ സ്വീകരണപരിപാടി ശ്രീമൂലസ്ഥാനത്താണെന്ന് പ്രചരിപ്പിച്ചിരുന്നു. സ്വീകരണത്തിന് അവസാനനിമിഷം ദേവസ്വം ബോർഡ് അനുമതി നിഷേധിച്ചുവെന്ന് സമൂഹ മാദ്ധ്യമങ്ങളിലും അച്ചടിമാദ്ധ്യമങ്ങളിലും പ്രചരിപ്പിക്കുന്നത് ബോർഡിനെ അവഹേളിക്കാനും പ്രതിച്ഛായയെ മങ്ങലേൽപ്പിക്കാനുമാണെന്നും കമ്മിഷണർ കുറ്റപ്പെടുത്തി. കൊച്ചിൻ ദേവസ്വം ബോർഡിന്റെ വാരണാസിയിലെ നഷ്ടപ്പെട്ട സ്ഥലം വീണ്ടെടുക്കാൻ സഹായിച്ചുവെന്നതും മറ്റൊരു ദുഷ്പ്രചരണമാണ്. വാരണാസിയിലെ സ്ഥലം നടത്തിപ്പിന് ടെൻഡർ ക്ഷണിച്ചപ്പോൾ കൂടുതൽ സംഖ്യക്ക് സ്ഥലം അനുവദിക്കുക മാത്രമാണ് ഉണ്ടായതെന്നും ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ.ഉദയകുമാർ വ്യക്തമാക്കി.