അന്യസംസ്ഥാന തൊഴിലാളിയെ വാഹനമിടിച്ച് കൊലപ്പെടുത്തി: അസം സ്വദേശി അറസ്റ്റിൽ

Friday 21 March 2025 12:57 AM IST

കൊണ്ടോട്ടി: കിഴിശ്ശേരിയിൽ ബുധനാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ അസം സ്വദേശി മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ അസമിലെ നാഗോൺ ജില്ലയിലെ കച്ചുവ പാമില്ല ജരാണി സ്വദേശിയും ഗുഡ്സ് ഓട്ടോ ഡ്രൈവറുമായ ഗുൽജാർ ഹുസൈനെ(33) കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ കച്ചുവ ജൂരീപാർ സ്വദേശി അഹദുൽ ഇസ്ലാമാണ്(30) കൊല്ലപ്പെട്ടത്.

ബുധനാഴ്ച രാത്രി 10.30ഓടെയായിരുന്നു കിഴിശ്ശേരി അങ്ങാടിയിൽ അപകടം നടന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ശേഷം നടന്നുപോവുകയായിരുന്ന അഹദുൾ ഇസ്ലാമിനെ കിഴിശ്ശേരി മഞ്ചേരി റോഡിലെ ഇസ്സത്ത് സ്‌കൂളിന് സമീപംവച്ച് ഗുൽജാർ ഗുഡ്സ് ഓട്ടോറിക്ഷ കൊണ്ട് പിന്നിൽ നിന്നും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിലത്ത് വീണ അഹദുൽ ഇസ്ലാമിന്റെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കി വേഗത്തിൽ ഓടിച്ചു പോയി. അപകടം കണ്ട നാട്ടുകാർ ഉടൻ പൊലീസിലറിയിച്ചു. അഹദുൽ ഇസ്ലാമിനെ ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന് വിവരം ലഭിച്ച പൊലീസ് പ്രതി കോഴിക്കോട് ഭാഗത്തേക്ക് അതിവേഗം സഞ്ചരിക്കുന്നതായി കണ്ടെത്തി. രാത്രി 1.30ഓടെ അരീക്കോട് വാവൂരിൽ വച്ച് പ്രതിയെ വാഹനവുമായി പിടികൂടി. ഇയാൾക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹം കിഴിശ്ശേരി ആലിൻചുവട് ജുമാമസ്‌ജിദിൽ ഖബറടക്കി. വാഹനം കയറിയിറങ്ങി വാരിയെല്ലിനും ആന്തരികാവയവങ്ങൾക്കുമുണ്ടായ ഗുരുതര പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 15 വർഷത്തോളമായി കിഴിശ്ശേരിയിൽ കുടുംബസമേതം താമസക്കാരനായ ഗുൽജാർ ഹുസൈൻ അരീക്കോട് പൂങ്കുടിയിൽ മീൻ വിൽപ്പനശാലയിൽ ജോലിക്കാരനായിരുന്നു. കടയുടമയുടെ വാഹനമാണ് പ്രതി കൊലപാതകം നടത്താനുപയോഗിച്ചത്. അഹദുൽ ഇസ്ലാം രണ്ടുവർഷമായി കുടുംബസമേതം കിഴിശ്ശേരി ആലിൻചുവടിൽ താമസിച്ചു നിർമ്മാണ മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.