അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് പിടിച്ചെടുത്ത് പിഴ ചുമത്തി

Friday 21 March 2025 12:21 AM IST

കൊടുങ്ങല്ലൂർ : കണ്ണി വലുപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘം പിടിച്ചെടുത്തു. എറണാകുളം മാല്യങ്കര കോഴിക്കൽ വീട്ടിൽ അജീഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള സന്ധ്യ എന്ന ബോട്ടും മുനമ്പം പള്ളിപ്പുറം സ്വദേശി കുരിശിങ്കൽ വീട്ടിൽ രതീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സെന്റ് സ്‌തേഫാനോസ് ബോട്ടുമാണ് സേന പിടിച്ചെടുത്തത്. നിയമനടപടികൾ പുർത്തിയാക്കിയ ബോട്ടുകളിലെ മത്സ്യം ലേലം ചെയ്ത് ലഭിച്ച 3.33 ലക്ഷം സർക്കാരിലേക്ക് കണ്ടുകെട്ടി. സന്ധ്യ എന്ന ബോട്ടിന് 2.50 ലക്ഷവും സെന്റ് സ്‌തേഫാനോസ് ബോട്ടിന് 2.50 ലക്ഷവും പിഴ ചുമത്തി. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ.സി.സീമയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് പരിശോധന നടത്തിയത്. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമ (കെ.എം.എഫ് റെഗുലേഷൻ ആക്ട്) പ്രകാരം കേസെടുത്ത് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്തു. അയ്യായിരം കിലോ കുഞ്ഞൻ മത്സ്യങ്ങൾ കണ്ടെടുത്ത് ഫിഷറീസ് അധികൃതരുടെ സാന്നിദ്ധ്യത്തിൽ കൊണ്ടുപോയി കടലിൽ ഒഴുക്കി. പ്രത്യേക പരിശോധനാ സംഘത്തിൽ അഴീക്കോട് മത്സ്യ ഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഇ.സുമിത, മെക്കാനിക് ജയചന്ദ്രൻ ,മറൈൻ എൻഫോഴ്‌സ്‌മെന്റ് ആൻഡ് വിജിലൻസ് വിംഗ് ഉദ്യേഗസ്ഥരായ വി.എൻ.പ്രശാന്ത് കുമാർ, ഇ.ആർ.ഷിനിൽകുമാർ, വി.എം.ഷൈബു എന്നിവർ നേതൃത്വം നൽകി. സീറെസ്‌ക്യൂ ഗാർഡുമാരായ ഷിഹാബ്, കൃഷ്ണപ്രസാദ്, റെഫീക്ക്, ബോട്ട് സ്രാങ്ക് ദേവസി മുനമ്പം എൻജിൻ ഡ്രൈവർ റോക്കി കുഞ്ഞിതൈ എന്നിവരും സംഘത്തിലുണ്ടായിരുന്നു.