ഒളകര നിവാസികൾക്ക് നാളെ സ്വപ്‌നസാഫല്യത്തിന്റെ ദിവസം

Friday 21 March 2025 12:28 AM IST

തൃശൂർ: ഒളകര നിവാസികൾക്ക് നാളെ സ്വപ്‌ന സാഫല്യത്തിന്റെ ദിവസം. പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിന് ശേഷം ഒളകര ആദിവാസി ഉന്നതിയിലെ 44 കുടുംബങ്ങൾക്ക് ഭൂമിയെന്ന സ്വപ്‌നം നാളെ യാഥാർത്ഥ്യമാകും. എല്ലാവർക്കും ഒന്നരയേക്കർ വീതം തിരിച്ച് അതിർത്തി നിർണയം പൂർത്തിയാക്കി കഴിഞ്ഞു. നാളെ വൈകിട്ട് മൂന്നിന് ഒളകര ഉന്നതിയിൽ ഉത്സവച്ഛായ പകർന്ന് വനാവകാശ രേഖ കൈമാറും.

കേന്ദ്രമന്ത്രി, സംസ്ഥാന മന്ത്രിമാർ ഉൾപ്പെടെ വൻനിര ഒളകരയിലെത്തി. ഒട്ടേറെ നിയമ പ്രശ്‌നങ്ങളും കേസുകളും കൊണ്ട് പതിറ്റാണ്ടുകളുടെ നെട്ടോട്ടത്തിന് ശേഷമാണ് ഭൂമിയെന്ന യാഥാർത്ഥ്യത്തിലേക്കെത്തുന്നത്. അവസാനം വനവാകാശ രേഖ കൈമാറുന്നതിന് കളക്ടറും ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസറും ഒപ്പിട്ടെങ്കിലും പീച്ചി ഡി.എഫ്.ഒ വിസമ്മതിച്ചത് അവസാന നിമിഷം പ്രതിസന്ധിയുണ്ടാക്കി. എന്നാൽ കളക്ടർ അർജുൻ പാണ്ഡ്യൻ കർശന നിലപാട് സ്വീകരിച്ചു. നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയതോടെ അവസാന തടസവും നീങ്ങി.

വനാവകാശ രേഖ വിതരണം നാളെ

ഒളകര നിവാസികൾക്ക് നൽകുന്ന വനാവകാശ രേഖയുടെ വിതരണം നാളെ വൈകിട്ട് മൂന്നിന് നടക്കുമെന്ന് പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി എ.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ.രാജൻ ഉദ്ഘാടനം നിർവഹിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി ഒ.ആർ.കേളു, കെ.രാധാകൃഷ്ണൻ എം.പി, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് എന്നിവർ പങ്കെടുക്കും. ലാൻഡ് റവന്യൂ കമ്മിഷണർ ഡോ.എ.കൗശിഗൻ, കളക്ടർ അർജുൻ പാണ്ഡ്യൻ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സുബൈദ അബൂബക്കർ, ഊര് മൂപ്പത്തി മാധവി കുട്ടപ്പൻ, സാവിത്രി സദാനനന്ദൻ, സനൽ വാണിയംപാറ എന്നിവർ പങ്കെടുത്തു.