സപ്ലൈകോയിലെ തട്ടിപ്പ്: കരുതക്കാട് ഡിപ്പോയിൽ വിജിലൻസ് പരിശോധന

Friday 21 March 2025 12:30 AM IST

വടക്കാഞ്ചേരി: സപ്ലൈകോയുടെ കരുതക്കാടുള്ള ഡിപ്പോയിൽ വിജിലൻസ് പരിശോധന. നിർദ്ധന കുടുംബങ്ങളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി നൽകുന്ന അരിയിൽ സപ്ലൈകോ അധികൃതർ വൻ തട്ടിപ്പ് നടത്തിയതായി കേരള കൗമുദി വാർത്ത പുറത്ത് വിട്ടതിനെ തുടർന്നാണ് നടപടി. എസ്.പി.ജോസ് സജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡിപ്പോയിലെ 5800 ചാക്ക് അരിയും എണ്ണിത്തിട്ടപ്പെടുത്തി. കമ്പ്യൂട്ടർ സ്റ്റോക്കും പരിശോധിച്ചു. വാഹന ഡ്രൈവർമാർ, ചുമട്ട് തൊഴിലാളികൾ, ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് മൊഴിയെടുത്തു. നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ മൂന്ന് ദിവസം സമയമെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രാഥമിക പരിശോധനയിൽ ക്രമക്കേട് നടന്നതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസമാണ് തൂക്കം വെട്ടിച്ച് മാർച്ച് മാസത്തിലെ സ്‌റ്റോക്കെടുപ്പിന് മുമ്പായി രണ്ട് ലോഡ് അരി മറിച്ച് വിറ്റതായി ആരോപിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.