കാപ്പക്കേസ് പ്രതികൾ ഒരു കിലോ കഞ്ചാവുമായി അറസ്റ്റിൽ

Friday 21 March 2025 1:27 AM IST

തുറവൂർ: യുവാക്കളായ കാപ്പക്കേസ് പ്രതികൾ കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി. എറണാകുളം കുമ്പളം വടക്കേ തച്ചപ്പള്ളി വീട്ടിൽ മഹേഷ്(35), മരട് വെളീപ്പറമ്പ് വീട്ടിൽ അഫ്സൽ അബ്ദു (28) എന്നിവരെയാണ് കുത്തിയതോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.സി.ഗിരീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇന്നലെ ദേശീയപാതയിൽ കുത്തിയതോട് ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിൽക്കുകയായിരുന്ന ഇവരിൽ നിന്ന് ഒരു കിലോ 235 ഗ്രാം കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു. എറണാകുളം ജില്ലാ പൊലീസ് കാപ്പ ചുമത്തിയ പ്രതികളാണ് ഇരുവരും. ആലപ്പുഴയിൽ ഒളിവിൽ കഴിയുന്നതിനും ചെലവുകൾക്ക് പണം കണ്ടെത്തുന്നതിനും കുത്തിയതോട് സ്വദേശിയായ അമ്മിണി ജോസ് എന്നയാളിൽ നിന്ന് വാങ്ങിയ കഞ്ചാവാണെന്ന് പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതികളെ ചേർത്തല കോടതിയിൽ ഹാജരാക്കി. എക്സൈസ് സംഘത്തിൽ ഗ്രേഡ് അസി.എക്സൈസ് ഇൻസ്പെക്ടർ സബിനേഷ്‌ ജിത്ത്, സിവിൽ ഓഫീസർമാരായ വി.കെ. വിപിൻ, യു.ഉമേഷ്, എം.ഡി വിഷ്ണുദാസ്, പി.എം.വിധു, വിപിനചന്ദ്രൻ എന്നിവർ ഉണ്ടായിരുന്നു.