'പപ്പ വീപ്പയിലുണ്ട്": കൊല്ലപ്പെട്ട മർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ മകൾ പറഞ്ഞു

Friday 21 March 2025 12:46 AM IST

മീററ്റ്: ഭാര്യയും കാമുകനും ചേർന്ന് മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പപ്പ ആ വീപ്പയ്ക്കുള്ളിലുണ്ടെന്ന് കൊല്ലപ്പെട്ട സൗരഭ് രജ്പുതിന്റെ മകൾ അയൽവാസികളോട് പറഞ്ഞിരുന്നുവെന്ന് സൗരഭിന്റെ അമ്മ വെളിപ്പെടുത്തി. കുട്ടി കൊലപാതകം നേരിൽ കണ്ടിട്ടുണ്ടാവാമെന്നും ഇവർ പറയുന്നു. സൗരഭിനെ ഭാര്യ മുസ്‌കാനും കാമുകൻ സാഹിൽ ശുക്ലയും ചേർന്നാണ് കൊലപ്പെടുത്തിയത്. മുസ്‌കാന്റെയും സൗരഭിന്റെയും അഞ്ച് വയസുള്ള മകളുടെ ജന്മദിനം ആഘോഷിക്കാനാണ് സൗരഭ് കഴിഞ്ഞ മാസം നാട്ടിലെത്തിയത്. മുസ്‌കാനും സാഹിൽ ശുക്ലയും ചേർന്ന് സൗരഭിനെ കൊലപ്പെടുത്തുകയായിരുന്നു. സൗരഭിന് ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധരഹിതനാക്കിയെന്ന് മുസ്‌കാൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പിന്നാലെ സാഹിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. കുത്തിക്കൊന്ന ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് വീപ്പയിൽ നിറച്ചു. സിമന്റും പൊടിയും ചേർത്ത് ലായനി ഉണ്ടാക്കിയാണ് ശരീര ഭാഗങ്ങൾ ഡ്രമ്മിൽ ഒളിപ്പിച്ചത്. എന്നിട്ട് ഇഷ്ടികകൾ കൊണ്ട് മൂടി ഫ്ളാറ്റിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.

തുടർന്ന് താനും ഭർത്താവും ഹിമാചലിലേക്ക് യാത്ര പോകുന്നുവെന്ന് അയൽക്കാരോട് പറഞ്ഞ ശേഷം മുസ്‌കാൻ ഫ്ളാറ്റ് പൂട്ടി. മകളെ അമ്മയെ ഏൽപിച്ചു. സൗരഭിന്റെ ഫോൺ ഉപയോഗിച്ച് യാത്രയുടെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. എന്നാൽ പല തവണ ഫോണിൽ വിളിച്ചിട്ടും എടുക്കാതെ വന്നതോടെ സംശയം തോന്നിയ സൗരഭിന്റെ കുടുംബം പൊലീസിൽ പരാതി നൽകി. കൂടാതെ വീപ്പയിൽ നിന്ന് ദുർഗന്ധം പുറത്തുവന്നതും

കൊലപാതകത്തിന്റെ ചുരുളഴിച്ചു. സൗരഭിനെ അദ്ദേഹത്തിന്റെ ബന്ധുക്കൾ കുത്തിക്കൊലപ്പെടുത്തി എന്നാണ് മുസ്‌കാൻ പറഞ്ഞതെന്ന് യുവതിയുടെ അമ്മ കവിത റസ്‌തോഗി പറഞ്ഞു. ഇതോടെ ഇക്കാര്യം പൊലീസിൽ അറിയിക്കാൻ മുസ്‌കാന്റെ അച്ഛൻ തീരുമാനിച്ചു. പൊലീസ് സ്റ്റേഷനിലേക്ക് പോകവേ വീണ്ടും ചോദിച്ചപ്പോൾ താനും സാഹിലും ചേർന്നാണ് സൗരഭിനെ കൊലപ്പെടുത്തിയതെന്ന് മുസ്‌കാൻ സമ്മതിച്ചെന്നും അച്ഛൻ പറഞ്ഞു. മാതാപിതാക്കൾ അറിയിച്ചതിന് പിന്നാലെ പൊലീസ് മുസ്‌കാനെയും സാഹിലിനെയും അറസ്റ്റ് ചെയ്തു. മുസ്‌കാൻ മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിക്കുന്നത് ഭർത്താവ് തടഞ്ഞതിനാലാണ് കൊലപ്പെടുത്തിയതെന്ന് മകൾ കുറ്റസമ്മതം നടത്തിയെന്നും അച്ഛൻ പറഞ്ഞു. മകൾക്ക് ജീവിക്കാൻ അർഹതയില്ലെന്നും തൂക്കിലേറ്റണമെന്നും മുസ്‌കാന്റെ അച്ഛൻ പ്രമോദ് റസ്‌തോഗി പ്രതികരിച്ചു.