കാറിൽ നിന്ന് 40 ലക്ഷം രൂപ കവർന്നതായി പരാതി; നഷ്ടമായത് ചാക്കിൽ സൂക്ഷിച്ച പണം
Friday 21 March 2025 7:23 AM IST
കോഴിക്കോട്: നിർത്തിയിട്ട കാറിൽ നിന്ന് നാൽപ്പത് ലക്ഷം രൂപ കവർന്നതായി പരാതി. കോഴിക്കോട് പൂവാട്ടുപറമ്പിലെ ഒരു ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസ് തകർത്താണ് കവർച്ച നടത്തിയത്. ആനക്കുഴിക്കര സ്വദേശി റഹീസിനാണ് പണം നഷ്ടമായത്.
പണം ചാക്കിലാണ് സൂക്ഷിച്ചിരുന്നതെന്നാണ് റഹീസ് പൊലീസിനോട് പറഞ്ഞത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കും നാല് മണിക്കുമിടയിലാണ് സംഭവം നടന്നത്. കാറിന്റെ മുൻഗ്ലാസ് തകർത്താണ് മോഷ്ടാക്കൾ പണം കൈക്കലാക്കിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ടുപേർ ചാക്കുമായി പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പണത്തിന്റെ ഉറവിടത്തെപ്പറ്റിയും പൊലീസ് അന്വേഷിച്ചുവരികയാണ്.