അടിപിടി,കൊലപാതക കേസുകളിലടക്കം പ്രതികൾ, തൃശൂരിൽ ഇരട്ട സഹോദരന്മാർക്കെതിരെ കാപ്പ ചുമത്തി

Friday 21 March 2025 5:29 PM IST

തൃശൂർ: കൊലപാതകം, അടിപിടി, വധശ്രമ കേസുകളിൽ പ്രതികളായ ഇരട്ട സഹോദരന്മാർക്കെതിരെ കാപ്പ ചുമത്തി. മണ്ണൂത്തി പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്രിമിനൽ ലിസ്റ്റിൽ പേരുള്ള പടിഞ്ഞാറേ വീട്ടിൽ ബ്രഹ്മജിത്ത് (22), വിഷ്‌ണുജിത്ത് (22) എന്നിവർക്കെതിരെയാണ് പൊലീസ് നടപടി. തൃശൂർ റേഞ്ച് ഡിഐജി യുടെ നിർദ്ദേശമനുസരിച്ചാണിത്.

നിലവിൽ കേസുകളിൽ പെട്ട് ജയിൽശിക്ഷയനുഭവിക്കുകയാണ് ഇവർ. 2023ൽ കാപ്പ പ്രകാരം ഇവർ ആറ് മാസം ജയിൽശിക്ഷ അനുഭവിച്ചു. ഇതിനുശേഷം പുറത്തിറങ്ങി വീണ്ടും വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് തുടർന്നതോടെയാണ് ഒരുവർഷത്തേക്ക് ഇവരുടെ മേൽ കാപ്പ നിയമപ്രകാരം നടപടി എടുത്തത്. രണ്ട് കൊലപാതകം, കൊലപാതകശ്രമം, അടിപിടിയടക്കം 10ഓളം കേസുകളാണ് ഇരുവർക്കും എതിരെ മണ്ണൂത്തി പൊലീസ് സ്റ്റേഷനിലുള്ളത്.