കുട്ടികൾക്കും ചെറുപ്പക്കാർക്കും ലഹരി വിൽപന, ഷൈജു ഖാന്റെ സ്വത്തുക്കളെല്ലാം കണ്ടുകെട്ടി

Friday 21 March 2025 6:37 PM IST

ചാരുംമൂട്: ജില്ലയിൽ ലഹരി മാഫിയക്കെതിരേയുള്ള ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ നടത്തുന്ന നടപടികളുടെ ഭാഗമായി ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ ബിനു കുമാറിന്റെ മേൽനോട്ടത്തിൽ നൂറനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട നൂറനാട് പുതുപ്പളളിക്കുന്നം , ഖാൻമൻസിൽ വീട്ടിൽ പി.കെ.ഖാന്റെ (ഷൈജുഖാൻ,41) സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

ഇയാളുടെ പേരിലുളള 17.5 സെന്റ് വസ്തുവും വീടുമാണ് കണ്ടു കെട്ടി ഉത്തരവായത്. 2020 മുതൽ നൂറനാട് പൊലീസ്, നൂറനാട് എക്‌സൈസ്, ആലപ്പുഴ എക്‌സൈസ് എൻഫോഴ്സ്‌മെന്റ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത ഏഴ് കഞ്ചാവ് കേസുകളിൽ പ്രതിയാണ് ഷൈജു ഖാൻ.

ഒഡീഷ, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടു വന്ന് ചാരുംമൂട് കേന്ദ്രീകരിച്ച് ആലപ്പുഴ, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിൽ ചെറുപ്പക്കാർക്കിടയിലും കുട്ടികൾക്കിടയിലും ചെറുകിട വിൽപ്പന നടത്തിവരികയായിരുന്നു. ജംഗമ വസ്തു കണ്ടു കെട്ടുന്നതിൽ ആലപ്പുഴ ജില്ലയിൽ ഉണ്ടായ ആദ്യ നടപടിയാണ് ഷൈജു ഖാനെതിരേയുണ്ടായതെന്ന് പൊലീസ് പറഞ്ഞു.