'ഓരോ ദിവസവും വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുവന്നു; അവര്‍ക്ക് തൊലിവെളുപ്പ് മാത്രം മതി'

Friday 21 March 2025 10:37 PM IST

ഹൈദരാബാദ്: സിനിമ മേഖലയില്‍ നേരിട്ട തന്റെ അനുഭവം വെളിപ്പെടുത്തുകയാണ് ഇന്ത്യയുടെ അഭിമാന ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട. ഗുണ്ടേജാരി ഗല്ലന്തിയേന്‍ഡേ എന്ന തെലുങ്ക് ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സിലൂടെയാണ് താരം വെള്ളിത്തരയില്‍ മുഖം കാണിച്ചത്. അവിചാരിതമായിട്ടാണ് താന്‍ ആ സിനിമയുടെ ഭാഗമായതെന്നും ജ്വാല പറയുന്നു. നിതിന്‍, നിത്യാ മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തിലാണ് ജ്വാലയും ഭാഗമായത്.

തനിക്ക് സിനിമകളില്‍ അഭിനയിക്കാന്‍ ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ലെന്നും സുഹൃത്തായ നിതിന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഐറ്റംസോങ്ങില്‍ അഭിനയിച്ചതെന്നും അവര്‍ പറഞ്ഞു. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരുദിവസം പാര്‍ട്ടിക്കിടെ സുഹൃത്തായ നിതിന്‍ എന്നോട് ഒരു ഐറ്റം സോങ്ങില്‍ അഭിനയിക്കാമോ എന്ന് ചോദിച്ചു. അതൊരു സാധാരണ സംഭാഷണം ആണെന്ന് കരുതി ഞാന്‍ സമ്മതിച്ചു.

മൂന്ന് മാസത്തിന് ശേഷം വീണ്ടും വിളിച്ച നിതിന്‍, ഷൂട്ടിന് എല്ലാം തയ്യാറാമെന്ന് പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. അപ്പോള്‍ പിന്മാറുന്നത് അവര്‍ക്ക് വലിയ നഷ്ടമുണ്ടാക്കും എന്ന് തോന്നിയതിനാല്‍, ഞാന്‍ അഭിനയിക്കാമെന്ന് ഏറ്റു. ആദ്യത്തെ ദിവസം മുട്ടുവരെ ഇറക്കമുള്ള വസ്ത്രമായിരുന്നു ലഭിച്ചത്. പിന്നീട് ഓരോ ദിവസം കഴിയുമ്പോഴും അത് ചെറുതായി വന്നു. എന്താണിതെന്ന് നിതിനോട് ചോദിച്ചപ്പോള്‍, കാണാന്‍ കൊള്ളാമെന്നായിരുന്നു തനിക്ക് കിട്ടിയ മറുപടിയെന്നും ജ്വാല പറയുന്നു.

ഞാന്‍ അഭിനയിച്ചതുകൊണ്ട് സിനിമയ്ക്ക് പബ്ലിസിറ്റി കിട്ടിയെന്നത് മാത്രമാണ് ഏക ഗുണമെന്നും പിന്നീട് പലരും സിനിമയില്‍ അഭിനയിക്കണമെന്ന ആവശ്യവുമായി തന്നെ സമീപിച്ചിരുന്നുവെന്നും ജ്വാല ഗുട്ട അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.