195 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ

Friday 21 March 2025 11:42 PM IST

മട്ടന്നൂർ: മട്ടന്നൂരിൽ വൻ മയക്കുമരുന്ന് വേട്ട. 195 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശ പ്രകാരം മട്ടന്നൂർ പൊലീസ് നടത്തുന്ന ലഹരി വേട്ടയുടെ ഭാഗമായ പരിശോധനക്കിടെയാണ് മട്ടന്നൂർ മരുതായി പയ്യപ്പറമ്പ് സ്വദേശിയായ നിഷാദ് പിടിയിലായത്. നിഷാദ് മുൻപും ലഹരി കേസിൽ പ്രതിയായിരുന്നു. കൂടാതെ ഇയാൾ കഞ്ചാവ് ഉപയോഗിക്കുന്നതുൾപ്പെടെയുള്ള പരാതികൾ ലഭിച്ചതായാണ് സൂചന.

ഇതിന്റെ ഭാഗമായാണ് നിഷാദിനേ കണ്ടപ്പോൾ പരിശോധിച്ചത്. ഇന്നലെ രാവിലെ ഇരിട്ടി റോഡിൽ നടത്തിയ പരിശോധനക്കിടെ നിഷാദിന്റെ ബാഗിലാണ് ഹാശിഷ് ഓയിൽ കണ്ടെത്തിയത്. ചെറു കുപ്പികളിലാക്കി സൂക്ഷിച്ച നിലയിൽ 220 ഗ്രാം ഹാശിഷ് ഓയിലാണ് പിടികൂടിയത്. ചെറു ബോട്ടിലുകളിലാക്കിയത് കൊണ്ട് തന്നെ വില്പനയാണ് ഇയാളുടെ ഉദ്ദേശമെന്നാണ് സൂചന. മട്ടന്നൂർ എസ്.ഐ ലിനേഷ്, ഉദ്യോഗസ്ഥരായ ഷിനു, സിറാജ്, സവിത, സിദ്ധിഖ് എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. ലഹരി വേട്ടയുടെ ഭാഗമായി പുലർച്ചെയും രാത്രിയുമൊക്കെ വിമാനത്താവളം, കർണാടക യുൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളിലും സി.ഐ എം.അനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി വരികയാണ്.