ഇസ്മയിൽ വിഷയത്തിൽ സൂക്ഷ്മതയോടെ സി.പി.ഐ
തിരുവനന്തപുരം: മുൻ ദേശീയ കൗൺസിൽ അംഗം കെ.ഇ. ഇസ്മയിലിനെ സസ്പെൻഡ് ചെയ്തത് തിരിച്ചടിയാവാതിരിക്കാൻ സൂക്ഷ്മതയോടെ സി.പി.ഐ സംസ്ഥാന നേതൃത്വം. പാലക്കാട് ജില്ലാ കൗൺസിലിലെ ക്ഷണിതാവ് മാത്രമാണെങ്കിലും ഇസ്മയിലിന് ഇപ്പോഴും സി.പി.ഐയിൽ സ്വാധീനമുണ്ട്.
അച്ചടക്ക നടപടിയോട് രാഷ്ട്രീയ പക്വതയോടെയാണ് ഇസ്മയിൽ പ്രതികരിച്ചത്. പാർട്ടി നടപടി അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കിയതിനൊപ്പം, വിവാദ വിഷയത്തിൽ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാന എക്സിക്യൂട്ടീവിൽ ഇസ്മയിലിനെ പുറത്താക്കണമെന്ന അഭിപ്രായം ഉയർന്നെങ്കിലും സസ്പെൻഷനായി മയപ്പെടുത്തിയതും തിരിച്ചടിയെക്കുറിച്ചുള്ള ആശങ്കകാരണമാണ്.
പ്രായപരിധിയുടെ പേരിൽ നേതൃത്വത്തിൽ നിന്ന് ഒഴിവാക്കിയ ഇസ്മയിൽ ഔദ്യോഗിക വിഭാഗത്തിനെതിരെ എപ്പോഴും ശക്തമായ നിലപാട് സ്വീകരിക്കുന്ന നേതാവാണ്. അന്തരിച്ച മുൻ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പൻ നേതൃത്വത്തിലുള്ളപ്പോഴും പിന്നീട് കാനം രാജേന്ദ്രൻ എത്തിയപ്പോഴും ഒരുഭാഗത്ത് ശക്തമായി ഇസ്മയിലും നിലകൊണ്ടു. പലവിധ കാരണങ്ങളാൽ സി.പി.ഐ സംസ്ഥാന നേതൃത്വത്തോട് അകന്നു നിൽക്കുന്നവരും അസംതൃപ്തരുമായ കുറച്ചു പേരെങ്കിലും ഇസ്മയിലിനെ പിന്തുണയ്ക്കാനും സാദ്ധ്യതയുണ്ട്. ഇതാണ് സംസ്ഥാന നേതൃത്വ കാട്ടുന്ന ജാഗ്രതയ്ക്ക് കാരണം.
എന്റെ നിലപാട് അഴിമതിക്കെതിര്: ഇസ്മയിൽ
പി.രാജുവിന്റെ മരണത്തിലെ വിവാദ പ്രസ്താവനയിൽ സി.പി.ഐ അച്ചടക്ക നടപടിയെ വെല്ലുവിളിച്ച് മുതിർന്ന നേതാവ് കെ.ഇ.ഇസ്മയിൽ. തന്റെ നിലപാട് അഴിമതിക്ക് എതിരാണ്. പറഞ്ഞതിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും ഇസ്മയിൽ വ്യക്തമാക്കി. ചില നേതൃത്വം വരുമ്പോൾ അങ്ങനെയൊക്കെ ഉണ്ടാകുമെന്നും ജീവിതാവസാനം വരെ കമ്മ്യൂണിസ്റ്റായി തുടരുമെന്നും കെ.ഇ.ഇസ്മയിൽ പറഞ്ഞു.
ആറു മാസത്തേക്ക് പാർടി എന്നെ സസ്പെൻഡ് ചെയ്തു. ഇത് ഞാൻ ഉണ്ടാക്കിയ പാർട്ടിയാണ്. എന്റെ പാർട്ടി ഒരു തീരുമാനമെടുത്താൽ അത് ഞാൻ അംഗീകരിക്കും.
നടപടി അംഗീകരിക്കേണ്ടത് ഭരണഘടനാപരമായി തന്റെ ഉത്തരവാദിത്തമാണ്. രാജുവിന്റെ മരണം അടക്കമുള്ള വിഷയങ്ങളിൽ നടത്തിയ പ്രതികരണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. താൻ വളർത്തിക്കൊണ്ടുവന്ന കുട്ടികൾ എൺപത്തിയഞ്ചാം വയസിൽ തനിക്കു തന്ന അവാർഡാണ് സസ്പെൻഷനെന്ന മാദ്ധ്യമ വാർത്തകളെയും കെ.ഇ.ഇസ്മയിൽ നിഷേധിച്ചു.
ആറ് മാസത്തേക്കാണ് ഇസ്മയിലിനെ സി.പി.ഐ സസ്പെൻഡ് ചെയ്തത്. പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത് കെ.രാജുവിന് മാനസിക സമ്മർദം ഉണ്ടാക്കിയെന്നും അത് തന്നോട് തുറന്നുപറഞ്ഞിരുന്നെന്നും ഇസ്മയിൽ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തോട് അത് ചെയ്യാൻ പാടില്ലായിരുന്നു. ചില വ്യക്തികൾ അദ്ദേഹത്തെ ലക്ഷ്യം വയ്ക്കുകയായിരുന്നെന്നും ഇസ്മയിൽ പറഞ്ഞിരുന്നു. ഈ പരാമർശങ്ങൾ പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്ന് എറണാകുളം ജില്ലാ കൗൺസിൽ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. പാർട്ടിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന നിലപാടെടുത്തിന് നടപടി സ്വീകരിക്കണമെന്നായിരുന്നു ആവശ്യം
തുടർന്ന് കഴിഞ്ഞദിവസം ചേർന്ന സംസ്ഥാന കൗൺസിൽ അദ്ദേഹത്തെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയുമായിരുന്നു. നിലവിൽ പാലക്കാട് ജില്ലാ കൗൺസിലിലെ പ്രത്യേക ക്ഷണിതാവാണ് കെ.ഇ ഇസ്മയിൽ. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധിയുടെ പേരിൽ പുറത്തായ നേതാവാണ്.