അലഹബാദ് ഹൈക്കോടതി നിരീക്ഷണം സുപ്രീംകോടതി ഇടപെടണം: കേന്ദ്രമന്ത്രി
Saturday 22 March 2025 1:23 AM IST
ന്യൂഡൽഹി: മാറിടത്തിൽ സ്‌പർശിക്കുന്നതും പൈജാമയുടെ വള്ളി പൊട്ടിക്കുന്നതും മാനഭംഗമോ മാനഭംഗ ശ്രമമോ അല്ലെന്ന അലഹബാദ് ഹൈക്കോടതി നിരീക്ഷണം അംഗീകരിക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി ഇടപെടണമെന്നും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി അന്നപൂർണാ ദേവി.
കോടതി നിരീക്ഷണത്തോട് പൂർണമായി വിയോജിക്കുകയാണെന്നും ഇത് സംസ്‌കാര സമ്പന്നമായ സമൂഹത്തിന് ചേർന്നതല്ലെന്നും അന്നപൂർണാ ദേവി പ്രതികരിച്ചു. ഇത്തരം നിലപാടുകൾ അപകടകരമായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. ലൈംഗികാതിക്രമങ്ങളിൽ നിന്ന് സ്‌ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തും. ഇക്കാര്യത്തിൽ വിശദമായ ചർച്ച വേണമെന്നും സുപ്രീംകോടതി ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.