വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടും: ഉത്തരവിൽ ഒപ്പിട്ട് ട്രംപ്

Saturday 22 March 2025 6:53 AM IST

വാഷിംഗ്ടൺ: ഫെഡറൽ വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള എക്സിക്യൂട്ടിവ് ഉത്തരവിൽ ഒപ്പുവച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ, ചുറ്റും സ്കൂൾ കുട്ടികൾക്ക് നടുവിൽ ഇരുന്നായിരുന്നു ട്രംപ് ഉത്തരവിൽ ഒപ്പിട്ടത്. സ്കൂളുകളുടെ നടത്തിപ്പ് അതത് സംസ്ഥാനങ്ങളുടെ ചുമതലയായിരിക്കുമെന്ന് ഉത്തരവിൽ പറയുന്നു. അതേ സമയം, ഏജൻസിയുടെ അടച്ചിപൂട്ടലിന് കോൺഗ്രസിന്റെ അംഗീകാരം ആവശ്യമാണ്. എന്നാൽ ട്രംപിന്റെ ഉത്തരവ് വഴി ജീവനക്കാരുടെ എണ്ണവും ഫണ്ടുകളും കുറയ്ക്കും.

ഏജൻസി പരാജയമാണെന്ന് ആവർത്തിച്ച ട്രംപ്, ഏജൻസിയുടെ നിയന്ത്രണത്തിലുള്ള പണം സംസ്ഥാനങ്ങൾക്ക് തിരികെ നൽകുമെന്നും പ്രഖ്യാപിച്ചു. ട്രംപിന്റെ നീക്കത്തിനെതിരെ വിവിധ കോടതികളിൽ കേസുകളുമുണ്ട്. യു.എസിലെ ഒട്ടുമിക്ക കുട്ടികളും പ്രാദേശിക അധികൃതരുടെ നിയന്ത്രണത്തിലുള്ള പൊതു സ്കൂളുകളിലാണ് പഠിക്കുന്നത്.

ഇത്തരം സ്കൂളുകളുടെ നിയന്ത്രണവും പാഠ്യ പദ്ധതി തയ്യാറാക്കാനുള്ള ചുമതലയും ഫെഡറൽ വിദ്യാഭ്യാസ വകുപ്പിനാണെന്ന തെറ്റിദ്ധാരണ നിലവിലുണ്ട്. സംസ്ഥാനങ്ങളും ലോക്കൽ ജില്ലകളുമാണ് ശരിക്കും ഇത് നിർവഹിക്കുന്നത്. പ്രൈമറി, സെക്കൻഡറി സ്കൂളുകൾക്ക് 13 ശതമാനം ഫണ്ടിംഗ് മാത്രമാണ് ഫെഡറൽ തലത്തിൽ നിന്ന് ലഭിക്കുന്നത്.

സംസ്ഥാന, പ്രാദേശിക ടാക്സുകളിൽ നിന്നാണ് ഇതിനുള്ള പണം കൂടുതൽ ലഭിക്കുന്നത്. 1979ൽ നിലവിൽ വന്ന ഫെഡറൽ വിദ്യാഭ്യാസ വകുപ്പ് വിദ്യാഭ്യാസ ലോണുകൾ നൽകുകയും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കായി പദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്നു.

അതേ സമയം, വിദ്യാഭ്യാസ സെക്രട്ടറിയായി ട്രംപ് നിയമിച്ച ലിൻഡ മക്മാന് സർക്കാരിൽ മറ്റ് പദവി നൽകിയേക്കും. ഏജൻസി അടച്ചുപൂട്ടാനുള്ള എല്ലാ നടപടികളും ആരംഭിക്കണമെന്ന് ട്രംപ് ലിൻഡയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ട്രംപിന്റെ നീക്കത്തെ വിദ്യാഭ്യാസ വിദഗ്ദ്ധരും ഡെമോക്രാറ്റിക് പാർട്ടിയും വിമർശിച്ചു.