'അമ്മയല്ലേ ആദ്യമൊക്കെ മനസലിഞ്ഞു, ഇനി മനസ് കല്ലാക്കാനാണ് തീരുമാനം'; നടുക്കുന്ന അനുഭവങ്ങൾ തുറന്നുപറഞ്ഞ് മിനി

Saturday 22 March 2025 9:00 AM IST

ഏലത്തൂർ: ലഹരിക്കടിമയായ മകനെ പൊലീസിൽ ഏൽപ്പിച്ച സംഭവത്തിൽ നടുക്കുന്ന അനുഭവങ്ങൾ തുറന്നുപറഞ്ഞ് അമ്മ മിനി. മകൻ രാഹുലിനെ രക്ഷിക്കാൻ സാദ്ധ്യമായ എല്ലാ വഴികളും നോക്കി. കൂട്ടുകെട്ടുകൾ മകനെ വീണ്ടും മയക്കുമരുന്നുകളുടെ പിടിയിലാക്കുകയായിരുന്നുവെന്ന് മിനി ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

'രാഹുൽ ജയിലിൽ നിന്ന് വിളിച്ച് കരയും അമ്മയല്ലേ മനസ് അലിയും. അങ്ങനെയാണ് രണ്ട് കേസുകളിൽ മകനെ ജാമ്യത്തിലിറക്കിയത്. ഇനി മനസ് കല്ലാക്കാനാണ് തീരുമാനം. പോക്സോ കേസിൽ മകനെ ജാമ്യത്തിലിറക്കിയത് ഏറ്റവും വലിയ തെറ്റായിരുന്നു. സമീപവാസികളുമായി അവന് ഒരു ചങ്ങാത്തവുമില്ല. ചെറുപ്പം മുതലേ അങ്ങനെയാണ്. പ്രായത്തിൽ മുതിർന്നവരുമായാണ് രാഹുലിന്റെ സുഹൃദ് ബന്ധം. പണം ചോദിച്ചിട്ട് നൽകാത്തതിനും ചോദ്യം ചെയ്യുന്നതിനും എന്നോട് അടങ്ങാത്ത പകയായിരുന്നു മകനുണ്ടായിരുന്നത്.

പണം നൽകാനുള്ള ബഹളം അതിരുവിടുന്നത് പതിവായിരുന്നു. 26കാരനായ മകന്റെ തെറ്റുകൾ അവൻ ശരിയാകുമെന്ന ധാരണയിൽ മറച്ചുവയ്‌ക്കാൻ ആദ്യം ശ്രമിച്ചിരുന്നു. ജയിലിൽ കിടന്ന് വന്നശേഷവും മകന്റെ ചെയ്തികളിൽ യാതൊരു മാറ്റവുമുണ്ടായില്ല. എറണാകുളത്ത് ജോലിക്ക് പോവുന്നുവെന്ന് പറഞ്ഞ് പോയശേഷം ഡിസംബറിലാണ് തിരികെ എത്തിയത്. ജനുവരിയോടെ ആത്മഹത്യാ ഭീഷണി പതിവായി. ലഹരി വിമുക്തി കേന്ദ്രത്തിലാക്കിയിട്ടും ഫലമുണ്ടായില്ല.' - മിനി പറഞ്ഞു.

എലത്തൂർ ചെട്ടികുളം വാളിയിൽ രാഹുലിനെ അമ്മ നൽകിയ പരാതിയെത്തുടർന്ന് എലത്തൂർ പൊലീസ് ഇന്നലെയാണ് അറസ്റ്റുചെയ്തത്. വധഭീഷണിയെത്തുടർന്ന് സഹികെട്ടാണ് കഴിഞ്ഞ ദിവസം രാത്രി അമ്മ പൊലീസിനെ വിളിച്ചറിയിച്ചത്. രാവിലെ പൊലീസെത്തി രാഹുലിനെ കീഴ്‌പ്പെടുത്തി കൊണ്ടുപോകുകയായിരുന്നു. എലത്തൂർ, കൂരാച്ചുണ്ട്, പീരുമേട്, കൊയിലാണ്ടി പൊലീസ് സ്റ്റേഷനുകളിലായി പോക്‌സോകേസുകളിലടക്കം പ്രതിയാണ്. വിവിധ കേസുകളിൽ വാറന്റുള്ള രാഹുലിനെ പോക്‌സോ കേസിലാണ് എലത്തൂർ എസ്ഐ മുഹമ്മദ് സിയാദ് അറസ്റ്റ് ചെയ്തത്. പിതാവിനെയും മാതാവിനെയും സഹോദരിയുടെ മൂന്നര വയസുള്ള കുഞ്ഞിനെയും കൊല്ലുമെന്നായിരുന്നു രാത്രി രാഹുൽ ഭീഷണിപ്പെടുത്തിയിരുന്നത്.