മമ്മൂട്ടിയുടെ വീട്ടിൽ ഒരു ദിവസം താമസിക്കാൻ വേണ്ടത് വമ്പൻ തുക; വീടിനകത്ത് കാണാനുള്ളത് ഇതൊക്കെയാണ്

Saturday 22 March 2025 10:59 AM IST

മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ വീട്ടിൽ താമസിക്കാൻ ആരാധകർക്ക് അവസരം നൽകുമെന്ന വാർ‌ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.

വെക്കേഷൻ എക്സ്പീരിയൻസ് എന്ന ഗ്രൂപ്പാണ് മമ്മൂട്ടിയുടെ വീട്ടിലെ താമസത്തിന് സൗകര്യം ഒരുക്കുന്നത്. ബോട്ടിക് മോഡൽ വീടാണ്. 75000 രൂപയാണ് ഒരു ദിവസം മമ്മൂട്ടിയുടെ വീട്ടിൽ താമസിക്കാനായുള്ള തുക. ഏപ്രിൽ രണ്ടുമുതൽ ബുക്ക് ചെയ്യാമെന്നാണ് വിവരം.

നാല് ബെഡ്റൂമുകൾ, ഹോം തീയേറ്റർ, മമ്മൂട്ടിയുടെ പേഴ്സണൽ ഗ്യാലറി എന്നിവയാണ് ബുക്ക് ചെയ്യാവുന്നവർക്ക് ഉപയോഗിക്കാനാകുക. ഒരു സമയം ഒരു ഗ്രൂപ്പിന് മാത്രമായിരിക്കും താമസിക്കാനാകുക.

മമ്മൂട്ടിയുടെ ജീവിതത്തിലെ നല്ലൊരു ഭാഗവും കെ.സി. ജോസഫ് റോഡിലെ ഈ വീട്ടിലാണ്. 2008 മുതൽ 2020 വരെ മമ്മൂട്ടി കുടുംബസമേതം താമസിച്ചത് ഇവിടെയാണ് . ദുൽഖറിന്റെ സിനിമാ അരങ്ങേറ്റവും വിവാഹവും എല്ലാം ഈ വീട്ടിൽ നിന്നായിരുന്നു. ഇവിടെ നിന്ന് വൈറ്റില,​ അമ്പേലിപ്പാടം റോഡിലെ പുതിയ വീട്ടിലേക്ക് കുടുംബവുമൊത്ത് മമ്മൂട്ടി മാറി താമസിച്ചിട്ട് കുറച്ചു വർഷങ്ങളേയായുള്ളൂ.