നേമം സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ്; മുൻ പ്രസിഡന്റ് ആർ.പ്രദീപ്കുമാർ അറസ്റ്റിൽ

Sunday 23 March 2025 4:53 AM IST

നേമം: കോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസിൽ നേമം സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റിനെ ക്രൈംബ്രാഞ്ച് അറസ്റ്ര് ചെയ്തു. നേമം മെരിലാന്റ് സ്റ്റുഡിയോ റോഡിൽ നിന്ന് ഇപ്പോൾ മലയിൻകീഴ് മച്ചേൽ മാസ്റ്റേഴ്സ് ഗ്രീൻവാലി ഗാർഡൻ 46എയിൽ താമസിക്കുന്ന ആർ.പ്രദീപ് കുമാറിനെയാണ് (65) അറസ്റ്റ് ചെയ്തത്.

പേട്ട ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം ഡിവൈ.എസ്.പി രമേശ്കുമാർ.പി.വി ഇന്നലെ ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യലിനുശേഷം ഉച്ചയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ പത്ത് വർഷത്തോളം നേമം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. നേമം പൊലീസ് സ്റ്രേഷനിൽ നിക്ഷേപകർ നൽകിയ 300 കേസുകളിലാണ് പ്രദീപ് കുമാറിനെ അറസ്റ്ര് ചെയ്തിരിക്കുന്നത്. ഇനിയും കേസുകളുണ്ട്.ആ കേസുകളിലും പിന്നാലെ അറസ്റ്രുണ്ടാകുമെന്ന് ഡിവൈ.എസ്.പി രമേശ്കുമാർ.പി.വി പറഞ്ഞു.

ബാങ്ക് തട്ടിപ്പിന് ചുക്കാൻ പിടിച്ച, ദീർഘകാലം ബാങ്ക് സെക്രട്ടറിയായിരുന്ന എ.ആർ.രാജേന്ദ്രനെയും ഉടൻ അറസ്റ്ര് ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.കേസിൽ അര ഡസനോളം പ്രതികളുണ്ട്.പലരും മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടമോടുകയാണ്. അറസ്റ്രിലായ ആർ.പ്രദീപ് കുമാർ സി.പി.എം നേമം ഏരിയാ സെന്റർ മുൻ അംഗവും നേമം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയുമായിരുന്നു. ഇയാളെ കോടതി റിമാൻഡ് ചെയ്തു.