കമ്പി മോഷ്ടിച്ച് കടത്തിയ പ്രതികൾ പിടിയിലായി

Sunday 23 March 2025 1:12 AM IST

പാറശാല: റെയിൽവേ പാത ഇരട്ടിപ്പിക്കൽ പണിക്കായി കോൺട്രാക്ടർ വാങ്ങി പരശുവയ്ക്കലിൽ മുറിച്ച് സൂക്ഷിച്ചിരുന്ന 3 ടൺ കമ്പി മോഷ്ടിച്ച് ലോറിയിൽ കടത്തിയ മൂന്ന് പ്രതികളെ പാറശാല പൊലീസ് പിന്തുടർന്ന് പിടികൂടി. തിരുനെൽവേലി നരിസങ്കല്ലൂർ കരിങ്കാട് നടുത്തരിവിൽ പാൽദുരൈ (25), ബലരാമപുരം തലയിൽ കരിമ്പിലവിള പുത്തൻവീട്ടിൽ അച്ചു (21), നെയ്യാറ്റിൻകര തലയൽ അതിയന്നൂർ ആറാലുംമൂട് ജയലക്ഷ്മി നിവാസിൽ നന്ദകുമാർ (28) എന്നിവരാണ് പിടിയിലായത്.പരശുവയ്ക്കലിന് സമീപം റെയിൽവേട്രാക്കിന് സമീപത്തെ നിർമ്മാണത്തിന് മുറിച്ച് സൂക്ഷിച്ചിരുന്ന കമ്പികളും ഷീറ്റുകളും ഉൾപ്പെടെ മൂന്ന് ലക്ഷത്തിൽപ്പരം രൂപ വിലവരുന്ന സാധനങ്ങളാണ് ബാലരാമപുരത്തെ ആക്രിക്കടയിൽ എത്തിച്ച് വിറ്റുകാശാക്കിയത്. ലോറിയെ പിന്തുടർന്ന് നിരവധി സി.സി.ടി.വി കേന്ദ്രീകരിച്ചും സമാന ലോറികളും കണ്ടെത്തി പരിശോധിച്ചതിനെ തുടർന്നുമാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. പാറശാല എസ്.എച്ച്.ഒ സജി.എസ്.എസിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ദീപു, ഹർഷകുമാർ, വേലപ്പൻ നായർ എന്നിവരാണ് പ്രതികളെ പിടികൂടിയത് .