എഴുകോണിലെ മോഷണം; അന്തർ ജില്ലാ മോഷ്ടാവിനെ പാലക്കാട് നിന്ന് പിടികൂടി
എഴുകോൺ : ദിവസങ്ങൾക്ക് മുൻപ് എഴുകോൺ അമ്പലത്തുംകാലയിൽ വ്യാപക മോഷണം നടത്തിയ പ്രതിയെ പിടികൂടി. കണ്ണൂർ തളിപ്പറമ്പ് ഇരിക്കൂർ പട്ടുവം ഗ്രാമത്തിൽ ദാറുൽ ഫലാഹിൽ ഇസ്മയിൽ (33) ആണ് പിടിയിലായത്. പാലക്കാട്ടെ ഒരു ലോഡ്ജിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ 15ന് എഴുകോൺ അമ്പലത്തുംകാല ,പനച്ചവിള പുത്തൻവീട്ടിൽ, വി.തങ്കച്ചൻ, കോളന്നൂർ രജനി ഭവനത്തിൽ രഞ്ജിത്ത്, ശ്രീ ശൈലത്തിൽ രാജേന്ദ്രൻ എന്നിവരുടെ വീടുകളിൽ മോഷണം നടന്നിരുന്നു. ഈ കേസുകളിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. മോഷണം നടത്താൻ തിരഞ്ഞെടുക്കുന്ന വീടുകളുടെ പരിസരത്ത് പതുങ്ങിയിരുന്ന ശേഷം പുലർച്ചെ വീട്ടിലുള്ളവർ പ്രഭാത സവാരിക്കോ മറ്റോ പോകുമ്പോൾ വീട്ടിൽ കയറി കവർച്ച ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്ന് എഴുകോൺ പൊലീസ് പറഞ്ഞു. സമാന രീതിയിൽ മോഷണം നടത്തിയതിന് 18ൽ പരം കേസുകൾ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിലവിലുണ്ട്. മലപ്പുറം, തൃത്താല, കളമശ്ശേരി, പാലക്കാട്, കോഴിക്കോട്, പുനലൂർ, പത്തനാപുരം,ഫോർട്ട് കൊച്ചി, ഇളമക്കര, ധർമ്മടം, പൂജപ്പുര തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. കൊല്ലം റൂറൽ എസ്.പി കെ.എം.സാബു മാത്യുവിന്റെ നിർദ്ദേശപ്രകാരം ഡിവൈ.എസ്.പി കെ.ബൈജുകുമാർ, എഴുകോൺ സ്റ്റേഷൻ ഓഫീസർ എസ്. സുധീഷ്കുമാർ, എസ്.ഐമാരായ എഫ്.ആർ.മനോജ്, ജോസ്, രാധാകൃഷ്ണൻ, സി.പി.ഒമാരായ കിരൺ, അഭിജിത്ത്, അജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.