സാങ്കേ. സർവകലാശാല: ക്വാറം തികയാതെ സിൻഡിക്കേറ്റ്
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ തുടർച്ചയായി രണ്ടാംതവണയും ക്വാറം തികഞ്ഞില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ അംഗങ്ങളായ എം.എൽ.എമാർക്ക് പങ്കെടുക്കുന്നതിന് വേണ്ടിയാണ് സിൻഡിക്കേറ്റ് യോഗം ശനിയാഴ്ച ചേർന്നത്. എം.എൽ.എമാരായ ഐ.ബി. സതീഷ്,സച്ചിൻ ദേവ്,ഉന്നത വിദ്യാഭ്യാസ സെക്രട്ടറി,ധനകാര്യ സെക്രട്ടറി,സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ യോഗത്തിൽ നിന്ന് വിട്ടു നിന്നു. ബഡ്ജറ്റ് പാസാക്കുന്നതിനുള്ള പ്രത്യേക സിൻഡിക്കേറ്റ് യോഗമാണ് ഇന്നലെ ചേർന്നത്. വൈസ് ചാൻസലറും സർവകലാശാലാ ഡീനുമാരുമാണ് യോഗത്തിൽ പങ്കെടുത്തത്. കഴിഞ്ഞമാസം വി.സിയുടെ അസാന്നിദ്ധ്യത്തിൽ സിൻഡിക്കേറ്റംഗങ്ങൾ യോഗം ചേർന്ന് എടുത്ത തീരുമാനങ്ങൾ വിസി റദ്ദാക്കിയിരുന്നു. ഇതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. കഴിഞ്ഞയാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലും ക്വാറം തികഞ്ഞിരുന്നില്ല.
സർവകലാശാല നിയമപ്രകാരം സിൻഡിക്കേറ്റ് അംഗീകരിക്കുന്ന ബഡ്ജറ്റ് പാസാക്കാനുള്ള അധികാരം ബോർഡ് ഒഫ് ഗവർണേഴ്സിനാണ്. ബഡ്ജറ്റ് പാസാക്കുന്നതിന് ഉടൻ ബോർഡ് ഒഫ് ഗവർണർഴ്സ് യോഗം ചേരുന്നുണ്ട്. സിൻഡിക്കേറ്റ് അംഗങ്ങൾ യോഗം ബഹിഷ്കരിക്കുന്നതിനാൽ ഗവർണറുടെ അനുമതിയോടെ സർവകലാശാല പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു കൊണ്ടുപോകാനാണ് വൈസ് ചാൻസലർ ഡോ. കെ ശിവപ്രസാദിന്റെ തീരുമാനം.