ബിജു  ജോസഫിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതം, നിർണായക വിവരങ്ങളുമായി  പോസ്റ്റുമോർട്ടം  റിപ്പോർട്ട്  പുറത്ത്

Sunday 23 March 2025 12:51 PM IST

ഇടുക്കി: തൊടുപുഴ ചുങ്കം മുളയിങ്കൽ ബിജു ജോസഫിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം തലച്ചോറിനേറ്റ ക്ഷതമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ആന്തരിക രക്തസ്രാവം ഉണ്ടായി. വലതുകൈയിൽ മുറിവുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ബിജു ജോസഫിന്റെ (50) രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം പൊലീസ് ഇന്നലെയാണ് കണ്ടെടുത്തത്. ബിജുവിനെ കൊലപ്പെടുത്തിയശേഷം കേറ്ററിംഗ് സ്ഥാപനത്തിന്റെ ഗോഡൗണിലെ മാലിന്യക്കുഴിയിലേയ്ക്കുള്ള മാൻഹോളിൽ തള്ളി കോൺക്രീറ്റ് ചെയ്യുകയായിരുന്നു.

അഞ്ച് അടിയോളം താഴ്ചയുള്ള മാൻഹോളിലിറങ്ങി മൂന്നടിയോളം കുഴിയെടുത്ത് അതിനുള്ളിൽ തള്ളികയറ്റിയ നിലയിലായിരുന്നു മൃതദേഹം. തൊടുപുഴ കലയന്താനിക്ക് സമീപം ചെത്തിമറ്റത്താണ് സംഭവം നടന്നത്. ബിജുവിന്റെ ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ പങ്കാളിയായിരുന്ന ദേവമാതാ കേറ്ററിംഗ് സ്ഥാപന ഉടമ കലയന്താനി തേക്കുംകാട്ടിൽ ജോമോൻ ജോസഫാണ് (51) സംഭവത്തിനു പിന്നിൽ. ആസ്തി പങ്കിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്ക്ക് കാരണം.

ജോമോനെയും ക്വട്ടേഷൻ സംഘാംഗങ്ങളായ എറണാകുളം ഇടമനക്കാട് പള്ളത്ത് മുഹമ്മദ് അസ്ലം (36), കണ്ണൂർ ചെറുപുഴ കളരിക്കൽ ജോമിൻ കുര്യൻ (25) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പാ കേസ് പ്രതിയായ ആഷിക് ജോൺസനെ (27)​ ഈ സംഭവത്തിനുശേഷം അറസ്റ്റ് ചെയ്തെങ്കിലും ഇതിൽ പങ്കാളിയാണെന്ന് പിന്നീടാണ് പൊലീസ് മനസിലാക്കിയത്. വ്യാഴാഴ്ച പുലർച്ചെ 4.45ന് രാവിലെ പുറത്തേക്ക് പോയതായിരുന്നു ബിജു. കോലാനിക്ക് സമീപം വച്ച് ഓംനി വാനിലെത്തിയവർ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നാലെ ഇന്നലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.