'സന്തോഷം മാത്രം, രാജീവ് ചന്ദ്രശേഖർ ബിജെപിയെ കൃത്യതയോടെ നയിക്കും'; പുതിയ മാറ്റത്തെ അഭിനന്ദിച്ച് ശോഭാ സുരേന്ദ്രൻ

Sunday 23 March 2025 3:11 PM IST

തിരുവനന്തപുരം: മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുത്തതിൽ സന്തോഷം മാത്രമെന്ന് മുതിർന്ന നേതാവ് ശോഭാ സുരേന്ദ്രൻ. രാജീവ് ചന്ദ്രശേഖർ കൃത്യതയോടെ ഭാരതീയ ജനതാ പാർട്ടിയെ നയിക്കുമെന്നും അവർ പറഞ്ഞു. പാർട്ടിയുടെ പുതിയ നേതൃത്വത്തെക്കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ.

'പുതിയ നേതൃത്വത്തെ വളരെയധികം സന്തോഷത്തോടെയാണ് കാണുന്നത്. ഭാരതീയ ജനതാ പാർട്ടി യഥാർത്ഥ പ്രതിപക്ഷത്തിന്റെ റോളേ​റ്റെടുക്കുന്ന പാർട്ടിയാണ്. മയക്കുമരുന്ന് പ്രശ്നങ്ങൾക്കെതിരെ കേരളത്തിൽ ഒരു സമരം നടത്താൻ കഴിയാത്ത കോൺഗ്രസാണ് ഇപ്പോഴുളളത്. ഞങ്ങൾ അതിശക്തമായി എല്ലാ വിഷയങ്ങളും ഏ​റ്റെടുത്ത് പ്രവർത്തിക്കും. രാജീവ് ചന്ദ്രശേഖർ പാർട്ടിയിൽ പുതിയൊരു വ്യക്തിയല്ല. കേന്ദ്ര മന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വളരെ കുറഞ്ഞ വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. വളരെ കൃത്യതയോടെ പാർട്ടിയെ മുന്നോട്ട് നയിക്കും. നേതൃമാ​റ്റത്തിന് ഒരു സമയമുണ്ട്. അതാണ് ഇപ്പോൾ നടന്നത്. അദ്ദേഹം പ്രസ്ഥാനത്തെ നല്ലരീതിയിൽ നയിക്കും'- ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു.

അതേസമയം, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രണ്ട് സെ​റ്റ് പത്രികകളാണ് സമർപ്പിച്ചത്. നാളെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുക. സംസ്ഥാനത്തെ പ്രമുഖ നേതാക്കൾക്കൊപ്പം എത്തിയാണ് പത്രിക സമർപ്പിച്ചത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ശശി തരൂരിനെതിരെ രാജീവ് കടുത്ത മത്സരം കാഴ്ചവച്ചിരുന്നു. 16,077 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. മാറുന്ന കാലത്തെ വികസന രാഷ്ട്രീയത്തിന്റെ മുഖമായാണ് അദ്ദേഹത്തെ പാർട്ടി അവതരിപ്പിച്ചത്. അതിനാൽ തന്നെ കക്ഷി രാഷ്ട്രീയത്തിനതീതമായ വോട്ടുകൾ അദ്ദേഹത്തിന് നേടാനാവുകയും ചെയ്തു.കർണാടകയിൽ നിന്ന് മൂന്നുവട്ടം രാജ്യസഭയിലെത്തിയ അദ്ദേഹം ആദ്യമായാണ് കേരളത്തിൽ ജനവിധി തേടിയത്. അതിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.