കാനഡയിൽ തിരഞ്ഞെടുപ്പ് ഏപ്രിൽ 28ന്

Monday 24 March 2025 7:01 AM IST

ഒട്ടാവ: കാനഡയിൽ പൊതുതിരഞ്ഞെടുപ്പ് ഏപ്രിൽ 28ന് നടത്തുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. പാർലമെന്റ് പിരിച്ചുവിടണമെന്ന് ഗവർണർ മേരി സൈമണിനോട് കാർണി ആവശ്യപ്പെട്ടു. ഒക്ടോബറിനകമാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടിയിരുന്നത്. യു.എസുമായുള്ള വ്യാപാര യുദ്ധം അടക്കം നിലവിൽ കാനഡ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാൻ സർക്കാരിന് ജനങ്ങളുടെ ശക്തമായ പിന്തുണ വേണമെന്ന് കാർണി പറഞ്ഞു.

ജസ്റ്റിൻ ട്രൂഡോ രാജിവച്ചതിനെ തുടർന്ന് ലിബറൽ പാർട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ട കാർണി ഈ മാസം 14നാണ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. സാമ്പത്തിക വിദഗ്ദ്ധനും ബാങ്ക് ഒഫ് ഇംഗ്ലണ്ട്, ബാങ്ക് ഒഫ് കാനഡ എന്നിവയുടെ മുൻ ഗവർണറുമാണ് കാർണി. നഷ്ടമായ ജനപ്രീതി വീണ്ടെടുത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ പാർട്ടിയെ തിരഞ്ഞെടുപ്പിന് സജ്ജമാക്കേണ്ടത് കാർണിയുടെ ചുമതലയാണ്.

കാനഡയെ യു.എസിന്റെ 51 -ാം സംസ്ഥാനമാക്കുമെന്നാണ് യു.എസ് പ്രസി‌ഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം. അതിനാൽ യു.എസിന്റെ ഭീഷണികളെ ചെറുക്കുന്നത് കാർണി പ്രചാരണ ആയുധമാക്കും. കൺസർവേറ്റീവ് പാർട്ടി നേതാവ് പിയർ പോളിയേവ്,​ ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്മീത് സിംഗ്, ബ്ലോക്ക് കീബെക്വ പാർട്ടി നേതാവ് ഇവ് ഫ്രൻസ്വ ബ്ലാൻഷെ എന്നിവരിൽ നിന്ന് ശക്തമായ മത്സരമാണ് കാർണി നേരിടേണ്ടി വരിക.