ആഘോഷം ഉപേക്ഷിച്ചാൽ ആശമാർക്ക് ആനുകൂല്യം നൽകാം

Tuesday 25 March 2025 1:00 AM IST

തിരുവനന്തപുരം: സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ആർഭാടം വെട്ടിച്ചുരുക്കുകയോ ഉപേക്ഷിക്കുകയോ ചെയ്താൽ ആശാവർക്കർമാർക്കുള്ള പണം അനായാസം കിട്ടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. സാമ്പത്തിക ഞെരുക്കത്തിന്റെ പേരിലാണ് ആശമാരുടെയും അങ്കണവാടി ജീവനക്കാരുടെയും ഓണറേറിയം കൂട്ടാൻ സർക്കാർ വിസമ്മതിക്കുത്. അത്രയും തുക കണ്ടെത്താനുള്ള വഴികൾ താൻ നിർദേശിക്കാം. ഒമ്പത് വർഷം ഭരിച്ചിട്ട് ഒന്നും ചെയ്യാത്ത പിണറായി സർക്കാർ കോടികൾ ചെലവിട്ട് പി.ആർ പ്രവർത്തനത്തിലൂടെ നേട്ടമുണ്ടെന്ന് വരുത്തിതീർക്കാനാണ് ശ്രമിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ നേട്ടങ്ങളുടെ ഇത്തിൾക്കണ്ണി മാത്രമാണ് പിണറായി സർക്കാർ. കേരളീയം പരിപാടിക്ക് 24 കോടിയും നവകേരള സദസിന് 42 കോടിയും ചെലവായെന്നാണ് ഏകദേശ കണക്ക്. ആശാവർക്കർമാരും അങ്കണവാടി ജീവനക്കാരും സെക്രട്ടേറിയറ്റിനു മുന്നിൽ നരകിക്കുമ്പോൾ പിണറായി എമ്പ്രാനല്ലാതെ മറ്റാർക്കാണ് ആഘോഷം നടത്താൻ കഴിയുകയെന്നും സുധാകരൻ ചോദിച്ചു.