എസ്.ബി അക്കൗണ്ടിൽ മിനിമം ബാലൻസ് നിബന്ധനയില്ല

Tuesday 25 March 2025 12:05 AM IST

ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റഗുലർ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തേണ്ട ആവശ്യമില്ലെന്നും 2020 മാർച്ചിന് ശേഷം മിനിമം ബാലൻസ് ഇല്ലാത്തതിന്റെ അത്തരം അക്കൗണ്ട് ഉടമകളിൽ നിന്നും പിഴ ഈടാക്കുന്നില്ലെന്നും കേന്ദ്ര ധനകാര്യ മന്ത്രി പങ്കജ് ചൗധരി ലോക്‌സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി യെ അറിയിച്ചു.

ആർ.ബി.ഐ മാർഗ്ഗനിർദ്ദേശ പ്രകാരം അക്കൗണ്ട് തുടങ്ങുന്നതിന് മിനിമം ബാലൻസ് നിശ്ചയിച്ചിട്ടുണ്ട്. തുടർന്നുണ്ടാകുന്ന മാറ്റങ്ങൾ അക്കൗണ്ട് ഉടമയെ അറിയിക്കും. ബാങ്കിൽ നിശ്ചിത തുക മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ ഈടാക്കുന്നത് സംബന്ധിച്ച് ബാങ്ക് അക്കൗണ്ട് ഉടമയെ അറിയിക്കും. ഒരു മാസത്തിനുള്ളിൽ തുക ഒടുക്കി മിനിമം ബാലൻസ് അക്കൗണ്ടിൽ ഇട്ടില്ലെങ്കിൽ പിഴ ഈടാക്കും. എന്നാൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ നെഗറ്റീവ് അക്കൗണ്ടായി മാറുന്നില്ലെന്ന് ഉറപ്പുവരുത്തണം.

ബാങ്കിന്റെ ബോർഡ് തീരുമാനിക്കുന്ന നയപ്രകാരം സർവ്വീസ് ചാർജ്ജുകളും അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തിയില്ലെങ്കിൽ പിഴയും ഈടാക്കാം. പ്രധാനമന്ത്രി ജൻ ധൻ യോജന അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് ഉപാധി ബാധകമല്ല.