ജസ്റ്റിസ് യശ്വന്തിന് കുരുക്കിട്ട് സുപ്രീംകോടതി

Tuesday 25 March 2025 12:08 AM IST

ന്യൂഡൽഹി : ഔദ്യോഗിക വസതിയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്‌ജി യശ്വന്ത് വർമ്മയെ ഡൽഹി ഹൈക്കോടതിയിലെ ജുഡിഷ്യൽ ജോലികളിൽ നിന്ന് മാറ്റിനിറുത്തി. യശ്വന്ത് വർമ്മ കൈകാര്യം ചെയ്‌തിരുന്ന കേസുകൾ മറ്റു ബെഞ്ചുകളിലേക്ക് കൈമാറി. വിൽപന നികുതി, ജി.എസ്.ടി, കമ്പനി തർക്കങ്ങൾ എന്നിവയാണ് ജഡ്‌ജി പരിഗണിച്ചിരുന്നത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നിർദ്ദേശപ്രകാരമാണ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാദ്ധ്യായ ഇന്നലെ രാവിലെ നടപടിയെടുത്തത്. വൈകീട്ടായപ്പോൾ വിവാദ ജഡ്‌ജിയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയക്കാൻ സുപ്രീംകോടതി കൊളീജിയം തീരുമാനിച്ചു. അംഗീകാരത്തിനായി കേന്ദ്രസർക്കാരിന് ഫയൽ കൈമാറി. മാർച്ച് 20നും, ഇന്നലെയുമായി നടന്ന യോഗത്തിൽ സ്ഥലംമാറ്രക്കാര്യം ചർച്ച ചെയ്‌ത് തീരുമാനമെടുത്തെന്നാണ് സുപ്രീംകോടതി പറയുന്നത്. ഒറ്റവരി പ്രസ്‌താവനയാണ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്‌തത്. 2014 ഒക്ടോബറിൽ അലഹബാദ് ഹൈക്കോടതി ജഡ്‌ജിയായി നിയമിതനായ യശ്വന്ത് വർമ്മ, 2021 ഒക്ടോബർ 11നാണ് ഡൽഹി ഹൈക്കോടതിയിൽ ചുമതലയേറ്റത്.

ഇതിനിടെ, സുപ്രീംകോടതി നിയോഗിച്ച മൂന്നംഗസമിതി അന്വേഷണനടപടികളിലേക്ക് കടന്നു. അന്വേഷണവിഷയങ്ങൾ തീരുമാനിക്കാൻ കൂടിയാലോചന നടത്തിയെന്നാണ് സൂചന. തെളിവുകൾ പരിശോധിക്കണം. ജഡ്‌ജിയെ വിളിച്ചുവരുത്തി കേൾക്കണം. പണത്തിന്റെ സ്രോതസ് അന്വേഷിക്കണം. ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും അഗ്നിശമന സേനാംഗങ്ങളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കണം. തങ്ങളുടെ ടീമിന്റെ മുന്നിൽ വച്ച് പണം കണ്ടെടുത്തിട്ടില്ലെന്ന ഡൽഹി ഫയർ സർവീസസ് ഡയറക്‌ടറുടെ ആദ്യപ്രതികരണത്തിലും വിശദീകരണം തേടും.

അവസരം മുതലാക്കാൻ കേന്ദ്രം

സുപ്രീംകോടതി, ഹൈക്കോടതി ജഡ്‌ജിമാരുടെ നിയമനത്തിൽ പുതിയ നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ആലോചന തുടങ്ങിയെന്ന് സൂചന. പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുത്തു കൊണ്ട് മുന്നോട്ടു പോകണമെന്ന നിലപാടിലാണ് കേന്ദ്രം. ഇന്നലെ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ, രാജ്യസഭാ നേതാവ് ജെ.പി.നദ്ദ, പ്രതിപക്ഷനേതാവ് മല്ലികാർജ്ജുൻ ഖാർഗെ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത് ശ്രദ്ധേയമാണ്. സുപ്രീംകോടതി നേരത്തെ റദ്ദാക്കിയ നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്മെന്റ്സ് കമ്മിഷൻ നിയമത്തിന്റെ ചുവടുപിടിച്ചാകും പുതിയ നിയമമെന്നാണ് വിവരം.

ഇംപീച്ച് ചെയ്യണമെന്ന്

യശ്വന്ത് വ‌ർമ്മയെ ഇംപീച്ച് ചെയ്യണമെന്ന് ബാർ അസോസിയേഷൻ പ്രമേയം പാസാക്കി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ചു. വിധികൾ പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. സി.ബി.ഐ, ഇ.ഡി അന്വേഷണങ്ങളുണ്ടാകണം. ജഡ്‌ജിമാ‌ർ‌ സീസറിന്റെ ഭാര്യയെ പോലെ സംശയത്തിന് അതീതരായിരിക്കണമെന്നും ചൂണ്ടിക്കാട്ടി.

യശ്വന്ത് വർമ്മ വിവാദവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ദൃശ്യങ്ങളും ഉൾപ്പെടെ സുപ്രീംകോടതി വെബ്സൈറ്റിലൂടെ പുറത്തുവിട്ട ചീഫ് ജസ്റ്റിസിന്റെ നടപടി ശരിയായ ദിശയിലേക്കുള്ള ചുവടുവയ്‌പാണ്. ഇത്തരത്തിൽ സുതാര്യത ഉറപ്പാക്കുന്ന നടപടി ഒരു ചീഫ് ജസ്റ്രിസിൽ നിന്നുണ്ടാകുന്നത് ആദ്യമാണ്

- ജഗ്‌ദീപ് ധൻകർ, ഉപരാഷ്ട്രപതി