ഗുജറാത്ത് കലാപം: ആറു പ്രതികളെ വെറുതെ വിട്ടു
Tuesday 25 March 2025 12:10 AM IST
ന്യൂഡൽഹി : 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിൽ ആറു പ്രതികളെ സുപ്രീംകോടതി വെറുതെവിട്ടു. കലാപം നടക്കവെ കാഴ്ച കണ്ടുനിന്നവരെ പ്രതികളാക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു. സംഭവസ്ഥലത്ത് ഉണ്ടായിരുന്നു എന്നതു കൊണ്ട് കുറ്റക്കാരാകില്ല. വലിയതോതിൽ കലാപം നടക്കുന്ന സമയത്ത്, നിരപരാധികളെ കലാപകാരികളായി തെറ്റിദ്ധരിച്ച് പിടികൂടാറുണ്ടെന്ന് കോടതി വ്യക്തമാക്കി. ഗുജറാത്തിലെ വാദോഡ് ഗ്രാമത്തിൽ ആയിരത്തോളം പേർ സംഘടിച്ച് കലാപം നടത്തിയെന്ന കേസിലാണ് നടപടി. വിചാരണക്കോടതി വെറുതെവിട്ടെങ്കിലും ഗുജറാത്ത് ഹൈക്കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. തുടർന്ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.