കടൽ കടന്ന് മിസോറം ആന്തൂറിയം
ഐസ്വാൾ: ആന്തൂറിയത്തിന്റെ സ്വന്തം നാടാണ് മിസോറം. സംസ്ഥാനത്തെ പ്രധാന പൂവ് വിപണിയും ആന്തൂറിയത്തെ ആശ്രയിച്ചാണ്. വർഷാവർഷം ഒക്ടോബറിൽ നടത്തുന്ന ആന്തൂറിയം ഫെസ്റ്റ് നൂറുകണക്കിന് ടൂറിസ്റ്റുകളെ ആകർഷിക്കാറുമുണ്ട്.
ഇപ്പോഴിതാ, മിസോറം ആന്തൂറിയം അന്താരാഷ്ട്ര വിപണിയിലുമെത്തി. സിഗംപ്പൂരിലേക്കാണ് രണ്ടായിരത്തോളം ആന്തൂറിയം പൂക്കൾ കഴിഞ്ഞ ദിവസം കയറ്റുമതി ചെയ്തത്. ആഴ്ചതോറും കയറ്റുമതിക്കാണ് കരാർ. 50 പെട്ടികളിലാണ് ഇവ അയച്ചത്. ഐസ്വാളിലെ സോ ആന്തൂറിയം ഗ്രോവേഴ്സ് സഹകരണ സൊസൈറ്റിയിൽ നിന്നുള്ള പൂക്കളാണിവ. കൊൽക്കത്തയിലെത്തിച്ചാണ് വിമാനത്തിൽ കയറ്റി അയച്ചത്.
കേന്ദ്ര ഏജൻസിയായ അഗ്രികൾചർ ആൻഡ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട് ഡെവലപ്മെന്റ് അതോറിറ്റിയാണ് (എ.പി.ഇ.ഡി.എ) സിഗപ്പൂരുമായി കരാറിന് സംസ്ഥാനത്തെ സഹായിച്ചത്. വടക്കു-കിഴക്കൻ മേഖലയ്ക്ക് പുതിയ സാധ്യത തുറന്നിടുന്നതാണ് ആന്തൂറിയം കയറ്റുമതിയെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.