ചുറ്റുവട്ടം...നെൽക്കർഷകരെ സ്വകാര്യമില്ലുകാരെ കൊണ്ട് 'ഇങ്ങനകൊല്ലല്ലേ '

Tuesday 25 March 2025 2:38 AM IST

സ്വകാര്യമില്ലുകളും സർക്കാരും ചേർന്ന് നെൽക്കർഷകരെ കൊല്ലാക്കൊല ചെയ്യരുതെന്നാണ് ചുറ്റുവട്ടത്തിന് പറയാനുള്ളത്.

റബറോ കുരുമുളകോ ഏലമോ കാപ്പിയോ എന്തായാലും എത്രകാലം കഴിഞ്ഞാലും വിപണി വില കൂടുന്നതനുസരിച്ച് വിൽക്കാം. പക്ഷേ പച്ചക്കറിയുടെ കാര്യം പോലാണ് നെല്ല്. പച്ചക്കറി ചീഞ്ഞുപോകും . നെല്ല് മഴ വന്നാൽ കുതിർന്നു നശിക്കും. വെയിൽ കൂടിയാൽ പതിരു കൂടും. രണ്ടായാലും നെല്ലിന് മില്ലുകാർ വിലകുറയ്ക്കും. മലയാളികളെ തീറ്റി പോറ്റാൻ നെൽക്കൃഷി ചെയ്യുന്നവരോട് ഇത്ര ദ്രോഹം പാടില്ലെന്നാണ് കർഷകർ ഒഴുക്കുന്ന കണ്ണീർകാണുമ്പോൾ പറയാനുള്ളത്.

നെല്ലിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വില സർക്കാർ നൽകുന്നില്ല. വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച 28രൂപ 20പൈസയാണ് ഇപ്പോഴും നൽകുന്നത്. മില്ലുകാരാകട്ടെ ഉണക്കും കൂടുതൽ നനവും ചൂണ്ടിക്കാട്ടി 2 കിലോയിൽ തുടങ്ങിയ കിഴിവ് വേനൽ മഴ ശക്തമായതോടെ കൂട്ടിക്കൂട്ടി 22 കിലോയിൽ വരെ എത്തിയതായി കർഷകർ പറയുന്നു. മുതലാകില്ലെന്നു പറഞ്ഞു നെല്ല് കൊടുക്കുന്നില്ലെങ്കിൽ വേനൽ മഴയിൽ നെല്ല് കിളിർക്കും പിന്നെ ആരും വാങ്ങില്ല. ഇതറിയാവുന്ന സ്വകാര്യ മില്ലുകാർ കർഷകരെ എങ്ങനെ ചൂക്ഷണം ചെയ്യാമെന്നതിൽ മത്സരിച്ചാണ് കിഴിവ് 22 കിലോവരെ എത്തിച്ചത്. നെൽ കൃഷിയുടെ ചെലവ് കണക്കാക്കിയാൽ ഈ കിഴിവിന് വിറ്റാൽ കുത്തുപാള എടുക്കേണ്ടി വരുമെങ്കിലും വേനൽ മഴ ശക്തമായിരിക്കെ കിട്ടുന്ന വിലയ്ക്കു വിൽക്കാൻ കർഷകർ നിർബന്ധിതരാകുകയാണ്.

സ്വകാര്യമില്ലുകളുടെ ചൂക്ഷണത്തിന് അറുതി വരുത്തേണ്ട സർക്കാരാകട്ടെ മില്ലുകാരുടെ ചൂക്ഷണത്തിന് കുടപിടിക്കുകയാണെന്നാണ് കർഷകരുടെ പരാതി. സർക്കാർ നിശ്ചയിച്ച കിഴിവ് അംഗീകരിക്കാതെ തങ്ങൾക്ക് തോന്നുന്ന പോലെ പ്രവർത്തിക്കുന്ന സ്വകാര്യമില്ലുകാർ കർഷകരെ ചൂക്ഷണം ചെയ്യുന്നതിനെതിരെ ചെറുവിരൽ അനക്കാൻ സർക്കാരിന് കഴിയുന്നില്ല. പാഡി ഓഫീസ് എല്ലായിടത്തുമുണ്ടെങ്കിലും കടലാസ് പ്രസ്താവന ഇറക്കാനല്ലാതെ കൂടുതൽ കിഴിവ് നൽകാത്ത കർഷകരുടെ നെല്ലു സംഭരിക്കാതെ മാറി നിൽക്കുന്ന മില്ലുകാർക്കെതിരെ നിയമനടപടി എടുക്കാൻ അവർക്കു കഴിയുന്നില്ല. പല ഓഫീസർമാരും മില്ലുകാരുടെ കമ്മീഷൻ പറ്റുന്ന ഏജന്റൻമാരാറായി മാറിയെന്നാണ് കർഷകർ പറയുന്നത്. .

വേണം സർക്കാർ മില്ലുകൾ

സ്വകാര്യമില്ലുകളുടെ ചൂക്ഷണം അവസാനിപ്പിക്കണമെങ്കിൽ കൂടുതൽ ഗോ‌‌ഡൗൺ സൗകര്യത്തോടെ സർക്കാർ ഉടമസ്ഥതയിൽ മില്ലുകൾ ആരംഭിക്കണം. നിലവിൽ മൂന്നു സർക്കാർ മില്ലുകളാണ് കേരളത്തിൽ ഉള്ളത്. കിടങ്ങൂര് പുതിയൊരു മില്ല് സഹകരണ മേഖലയിൽ ആരംഭിക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും വിരലിലെണ്ണാൻ പോലുമില്ലാത്ത ഈ സർക്കാർ മില്ലുകൾ കൊണ്ട് ഒരു ശതമാനം നെല്ല് പോലും സംഭരിക്കാൻ കഴിയില്ല. കൂടുതൽ മില്ലുകൾ സർക്കാർ തലത്തിൽ ആരംഭിക്കുന്നതിന് 'കമഴ്ന്നു വീണാൽ കാൽപ്പണമെന്നു' ചിന്തിക്കുന്ന ഭൂരിപക്ഷം ഉദ്യോഗസ്ഥരും താത്പര്യം കാണിക്കുന്നില്ല .ഈ സാഹചര്യത്തിൽ ഒന്നുകിൽ നെൽക്കൃഷി ഉപേക്ഷിക്കുക അല്ലെങ്കിൽസ്വകാര്യമില്ലുകളുടെ ചൂക്ഷണത്തിന് നിന്ന് കൊടുക്കുക. ഇത് രണ്ടുമല്ലെങ്കിൽ ആത്മഹത്യചെയ്യുക എന്ന മാർഗമേ നെൽക്കർഷകരുടെ മുന്നിലുള്ളൂ. ഭൂരിപക്ഷം കർഷകരും കൃഷി ഉപേക്ഷിച്ചാൽ സ്വകാര്യമില്ലുകാർ അരിവില കുത്തനെകൂട്ടും .ഇത് സാധാരണക്കാരെയാവും ബാധിക്കുക. അരിക്കു പകരം റബർ ഷീറ്റ് തിന്നും.റബർ പാല് കൊണ്ട് കഞ്ഞിവെച്ചും ജീവിക്കാനാകില്ലെന്നും ബന്ധപ്പെട്ടവർ ഓർത്താൽ നല്ലത്!