വയനാട്ടിൽ വൻ ലഹരിവേട്ട; 291 ഗ്രാം എംഡിഎംഎ പിടികൂടി
കൽപ്പറ്റ: വയനാട്ടിൽ വൻ ലഹരിവേട്ട. 291 ഗ്രാം എം ഡി എം എ പിടികൂടി. ഈ മാസം പത്തൊൻപതിന് അറസ്റ്റിലായ കാസർകോട് സ്വദേശികളുടെ കാറിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്. അന്ന് ആറ് ഗ്രാം എം ഡി എം എയായിരുന്നു യുവാക്കളിൽ നിന്ന് കണ്ടെത്തിയത്.
ഇവരെ ഇന്ന് കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിൽ എം ഡി എം എ കണ്ടെത്തി. വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്.
'2025ലെ ഏറ്റവും വലിയ ലഹരിവേട്ടയാണിത്. നേരത്തെ അറസ്റ്റിലായ രണ്ട് പേരെ ചോദ്യം ചെയ്തതിൽ നിന്നാണ് ആറ് പൊതികളിൽ ഒളിപ്പിച്ച നിലയിൽ എം ഡി എം എ കണ്ടെത്തിയത്. ബംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് ഇവർ പിടിയിലായത്. ഇരുപത് കൊല്ലം വരെ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. അറസ്റ്റിലായ ജാഫറിനെതിരെ നേരത്തെ കേസുണ്ടായിരുന്നു. സംഭവത്തിൽ ഒരാൾക്ക് കൂടി പങ്കുണ്ടെന്നാണ് വിവരം.' -എക്‌സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു.