108 ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക്

Wednesday 26 March 2025 1:14 AM IST

ആറ്റിങ്ങൽ: ഫെബ്രുവരി മാസത്തെ ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് 108 ആംബുലൻസ് ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഇന്റർഫെസിലിറ്റി ട്രാൻസ്ഫർ ഒഴിവാക്കിയാണ് പ്രതിഷേധസമരം.പൊതുജനങ്ങളെമാനിച്ച് എമർജൻസി കേസുകളും റോഡപകടങ്ങളും ഉണ്ടായാൽ ആശുപത്രികളിലെത്തിക്കും.എന്നാൽ ആശുപത്രിയിൽ നിന്ന് മറ്റൊരാശുപത്രിയിലേക്ക് രോഗികളെ കൊണ്ടുപോകില്ല.സംസ്ഥാനത്ത് 315 ആംബുലൻസുകളിലായി 1400ഓളം ജീവനക്കാരുണ്ട്.കമ്പനിക്ക് തോന്നിയത് പോലെയാണ് ശമ്പളം നല്കുന്നത്.ഹൈദരാബാദ് ആസ്ഥാനമായ ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസ് എന്ന കമ്പനിയാണ് 2019 മുതൽ ആംബുലൻസുകളുടെ കരാറേറ്റെടുത്ത് നടത്തുന്നത്. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡാണ് ഇവർക്ക് ചുമതല നൽകിയത്.വേതന വർദ്ധനവ് നടപ്പാക്കിയിട്ടും 5 വർഷത്തിലേറെയാവുന്നു.ശമ്പളത്തിന് കൃത്യതയും വേതന വർദ്ധനവുമില്ലാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് അഞ്ചുതെങ്ങ് സുരേന്ദ്രനും സെക്രട്ടറി എസ്.എസ്.സുബിനും അറിയിച്ചു.