ഡിജിറ്റൽ ആസക്തി എന്ന നീരാളി
പുതിയ കാലത്തിന്റെ ഏറ്റവും വലിയ വിപത്തുകളിൽ ഒന്നാണ് ഡിജിറ്റൽ ആസക്തി. പ്രായഭേദമെന്യേ ഇത് എല്ലാവരെയും ബാധിച്ചിരിക്കുന്ന ഒന്നാണ്. എന്നാൽ കുട്ടികളിൽ ഈ ഡിജിറ്റൽ അടിമത്തം ഗുരുതരമായ മാനസിക, ശാരീരിക പ്രശ്നങ്ങൾക്ക് വഴിവയ്ക്കും. ഇത് മുൻകൂട്ടിക്കണ്ടാണ് സംസ്ഥാന പൊലീസ് സേന ഡിജിറ്റൽ ലഹരിക്ക് അടിമകളായ കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ കർമ്മപരിപാടികൾക്ക് രൂപം നൽകിയിരിക്കുന്നത്. ഓൺലൈൻ ഗെയിമുകൾ, സമൂഹമാദ്ധ്യമങ്ങൾ, അശ്ളീല വെബ്‌സൈറ്റുൾ തുടങ്ങിയവയ്ക്ക് അടിമകളായി ജീവിതം കൈവിട്ടുപോകുന്ന കുട്ടികൾക്കാണ് പൊലീസ് രക്ഷകരാകുന്നത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ പൊലീസ് ഇടപെടലിലൂടെ 1700 കുട്ടികളെ രക്ഷിക്കാനായി. പൊലീസ് ഏർപ്പെടുത്തിയ ഡിജിറ്റൽ ഡി അഡിക്‌ഷൻ കേന്ദ്രങ്ങൾ വഴിയാണ് കുട്ടികളെ ഈ നീരാളിപ്പിടിത്തത്തിൽ നിന്ന് മുക്തമാക്കുന്നത്. ഇതിന് മൂന്നുമാസം വരെ നീണ്ടുനിൽക്കുന്ന മനഃശാസ്‌ത്ര ചികിത്സയും കൗൺസലിംഗുമാണ് വേണ്ടിവരുന്നത്.
ഡിജിറ്റൽ ആസക്തി എന്ന ശീലം കുട്ടികളിൽ കുത്തിവയ്ക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നത് മാതാപിതാക്കൾ ഉൾപ്പെടെ വീട്ടിലുള്ള മുതിർന്നവരാണ്. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം മൊബൈലിലേക്ക് മുഖം കുനിച്ച് നോക്കിക്കൊണ്ടിരിക്കുന്നവരെയേ കാണാനാവൂ. വീട്ടിലായാലും റോഡിലായാലും വാഹനങ്ങളിലായാലും ഇതു തന്നെയാണ് സ്ഥിതി. ഇതു കാണുന്ന കുട്ടികൾ അത് അനുകരിക്കാൻ ശ്രമിക്കുന്നത് അവരുടെ കുറ്റമായി കാണാനാകില്ല. കൊച്ചുകുട്ടികൾക്ക് ആഹാരം കൊടുക്കുന്ന സമയത്തു പോലും മൊബൈലിൽ ദൃശ്യങ്ങളും മറ്റും കാണാൻ അവരെ അനുവദിക്കുന്നത് മസ്തിഷ്‌കത്തെ ബാധിക്കുന്ന ഗുരുതരമായ ക്യാൻസർ രോഗങ്ങൾക്കു വരെ ഇടയാക്കുമെന്ന് ഇതുസംബന്ധിച്ച് പഠനം നടത്തിയ ശ്രീചിത്രാ മെഡിക്കൽ സയൻസസിലെ ഒരു ഡോക്ടറെ ഉദ്ധരിച്ചുകൊണ്ട് ഇ.ടി. മുഹമ്മദ് ബഷീർ നടത്തിയ ഒരു സംഭാഷണം സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരുന്നു.
ശാരീരികമായി ഉന്മേഷകരമായ കളികളിൽ ഏർപ്പെട്ട് കാലംകഴിക്കേണ്ട ബാല്യം ഡിജിറ്റൽ ആസക്തി കാരണം ഈ ആധുനിക തലമുറയ്ക്ക് ഏറെക്കുറെ പൂർണമായും നഷ്ടപ്പെടുകയാണ്. കുട്ടികളുടെ മുമ്പിൽ വച്ച് സദാസമയവും മൊബൈലിൽ നോക്കിയിരിക്കുന്ന ശീലത്തിൽ നിന്ന് ആദ്യം പിന്മാറേണ്ടത് മാതാപിതാക്കൾ തന്നെയാണ്. അതുപോലെ തന്നെ ഡിജിറ്റൽ ആസക്തി കുട്ടികളിൽ വൈകല്യങ്ങൾക്ക് ഇടയാക്കുന്നതായി ബോദ്ധ്യപ്പെട്ടാൽ അവരെ ചികിത്സയ്ക്ക് വിധേയരാക്കാൻ മുൻകൈയെടുക്കാനും മാതാപിതാക്കൾ കാലവിളംബം കാട്ടരുത്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് പൊലീസിന്റെ ഡി അഡിക്‌ഷൻ സെന്ററുകൾ ഉള്ളത്. എല്ലാ ജില്ലകളിലും ഇത് തുറക്കാൻ സർക്കാർ അടിയന്തരമായി നടപടി എടുക്കേണ്ടതാണ്. ഒരു കേന്ദ്രം സ്ഥാപിക്കുന്നതിന് 35 കോടിയോളം രൂപയാണ് ചെലവ് വരുന്നത്. റേഞ്ച് ഡി.ഐ.ജി അജിതാബീഗമാണ് 'ഡി - ഡാഡി"ന്റെ ഏകോപന ചുമതല ഇപ്പോൾ നിർവഹിക്കുന്നത്.
ഇന്റർനെറ്റിൽ മനുഷ്യന് നന്നാകാനും നശിക്കാനുമുള്ള എല്ലാം വേർതിരിവില്ലാതെ ലഭ്യമാണ്. ആത്മഹത്യ ചെയ്യാനുള്ള കുറുക്കുവഴികൾ പോലും അത് പറഞ്ഞുതരും. അതേസമയം വളരെ ഈസിയായി ഗണിതവും ഗ്രാമറുമൊക്കെ കൈകാര്യം ചെയ്യാനും ഇത് പ്രയോജനപ്പെടുത്താം. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള പക്വത വരുന്നതിനുമുമ്പ് ഈ ലോകത്തേക്ക് ഒരു കുട്ടി കടന്നുചെല്ലുന്നത് അപകടകരമാണ്. ഡിജിറ്റൽ ആസക്തിയിലൂടെ ഒറ്റപ്പെട്ട ജീവിതത്തിലേക്ക് പിൻവാങ്ങുന്ന ഇത്തരം കുട്ടികളാണ് പിന്നീട് വേഗത്തിൽ ലഹരിക്കും മറ്റും അടിമകളായി മാറുന്നത്. ഡിജിറ്റൽ അഡിക്‌ഷന്റെ ആദ്യ ലക്ഷണങ്ങളിലൊന്ന് പഠന ക്ഷമതയിൽ വരുന്ന കുറവാണ്. ഇത് മാതാപിതാക്കളും അദ്ധ്യാപകരും ശ്രദ്ധയോടെ നിരീക്ഷിച്ചാൽ തുടക്കത്തിൽത്തന്നെ ഈ വൈകല്യത്തിന്റെ ഇരകളായി മാറുന്നതിൽ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കാനാകും.