ഭക്ഷ്യവസ്തുക്കൾക്കൊപ്പം വസ്ത്രങ്ങളും ഈന്തപ്പഴവും പഞ്ചസാരയും,​ 32 ലക്ഷം പേ‌ർക്ക് റംസാൻ കിറ്റുമായി ബി ജെ പി

Tuesday 25 March 2025 9:01 PM IST

ന്യൂഡൽഹി ; റംസാനോട് അനുബന്ദിച്ച് രാജ്യത്തെ ദരിദ്രരായ 32 ലക്ഷം മുസ്ലിങ്ങൾക്ക് കിറ്റു നൽകാൻ ബി.ജെ.പി. 'സൗഗത് ഇ മോദി" ക്യാമ്പെയിനിന്റെ ഭാഗമായാണ് ബി.ജെ.പി ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിൽ കിറ്റ് വിതരണം നടത്തുന്നത്. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ബിഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബി.ജെ.പി നീക്കം. ഡൽഹിയിലെ നിസാമുദ്ദീനിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നദ്ദ ക്യാമ്പെയിന് തുടക്കം കുറിച്ചു.

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വസ്ത്രങ്ങൾ,​ ഈന്തപ്പഴം, ഡ്രൈ ഫ്രൂട്സ്,​ പഞ്ചസാര എന്നിവ കിറ്റുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ കിറ്റിലും 600 രൂപ വരെയുള്ള സാധനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മുസ്ലിം സമുദായത്തിലെ 32 ലക്ഷം ദരിദ്രരെ തിരിച്ചറിയുന്നതിനും അവർക്ക് സഹായം നൽകുന്നതിനുമായി ബി.ജെ.പി പ്രവർത്തകർ 32000 പള്ളികളുമായി ബന്ധപ്പെടും. ദുഃഖവെള്ളി,​ ഈസ്റ്റർ ഉൾപ്പെടെയുള്ള ചടങ്ങുകളുടെ ഭാഗമാകാനും ന്യൂനപക്ഷ മോർച്ചയ്ക്ക് പദ്ധതിയുണ്ട്. സൗഗത് ഇ മോദി പദ്ധതി വഴി ഈ ദിനങ്ങളിലും കിറ്റ് വിതരണം ചെയ്യുമെന്ന് ന്യൂനപക്ഷ മോർച്ച ദേശീയ അദ്ധ്യക്ഷൻ ജമാൽ സിദ്ദിഖി പറഞ്ഞു. നേരത്തെ ക്രൈസ്തവ ഭവനങ്ങളിൽ ബി.ജെ.പി പ്രവർത്തകർ കേക്കുകൾ വിതരണം ചെയ്തിരുന്നു.