'ഗോത്രഭേരി': കാട്ടറിവുകൾ തേടി വനംവകുപ്പ്
ഇടുക്കി: മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് 'ഗോത്രഭേരി' എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു. ആദിവാസി കേന്ദ്രങ്ങളിൽ താമസിക്കുന്നവരുടെ അറിവും അനുഭവസമ്പത്തും പങ്കുവയ്ക്കുകയായിരുന്നു ലക്ഷ്യം. വെള്ളാപ്പാറ ഫോറെസ്റ്റ് നേച്ചർ എഡ്യൂക്കേഷൻ സെന്ററിൽ നടന്ന പരിപാടി കോവിൽമല രാജാവ് രാമൻ രാജമന്നാൻ ഉദ്ഘാടനം ചെയ്തു. വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പരമ്പരാഗതരീതികൾ പ്രയോഗിക്കുന്നതിൽനിന്ന് പിന്നാക്കം പോയതാണ് മനുഷ്യ വന്യ ജീവി സംഘർഷങ്ങളുടെ എണ്ണം കൂടാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഉൾവനത്തിൽ വന്യമൃഗങ്ങൾക്കാവശ്യമായ ആഹാരപദാർഥങ്ങൾ ലഭ്യമാണ്. എന്നാൽ പുതിയ ആഹാരരീതികൾ മനസിലാക്കിയ വന്യമൃഗങ്ങൾ വീണ്ടും മനുഷ്യവാസ മേഖലയിലെത്തുന്നു. ഇതാണ് പ്രശ്നങ്ങളുടെ കാരണം. വന്യജീവി സംഘർഷം ലഘുകരിക്കുന്നത്തിന് വനം വകുപ്പ് നടപ്പാക്കുന്ന 10 മിഷനുകളിൽ ഒന്നായ മിഷൻ ട്രൈബൽ നോളജിന്റെ ഭാഗമായാണ് 'ഗോത്രഭേരി'എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചത്. മിഷൻ ട്രൈബൽ നോളജ് സംസ്ഥാന കോർഡിനേറ്റർ രാജു കെ. ഫ്രാൻസിസ് , പീച്ചി കേരള വന ഗവേഷണ കേന്ദ്രം സീനിയർ സയന്റിസ്റ്റ് , ഡോ. എ. വി. രഘു ,വൈൽഡ് ലൈഫ് വാർഡൻ ജി. ജയചന്ദ്രൻ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പി. കെ. വിപിൻ ദാസ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാരായ റോയി, ആനിയമ്മ തുടങ്ങിയവർ നേതൃത്വം നൽകി.