25,000 വർഷം പഴക്കമുള്ള മാമ്മത്ത് ശേഷിപ്പുകൾ കണ്ടെത്തി

Wednesday 26 March 2025 12:14 AM IST

ഓസ്ട്രിയയിൽ നിന്ന് 25,000 വർഷം പഴക്കമുള്ള മാമ്മത്തുകളുടെ ശേഷിപ്പുകൾ കണ്ടെത്തിയിരിക്കുകയാണ് ഓസ്‌ട്രിയൻ അക്കാദമി ഓഫ് സയൻസസിലെ ഗവേഷകർ. വിയന്നയിൽ നിന്ന് ഏകദേശം 40 മൈൽ (65 കിലോമീറ്റർ) പടിഞ്ഞാറ് ഭാഗത്തുള്ള ലാങ്മാനേഴ്‌സ്‌ഡോർഫ് സ്ഥലത്ത് നടത്തിയ ഖനനത്തിനിടെയാണ് 5 മാമ്മത്തുകളുടെ കണ്ടെത്തിയത്. നൂറ്റാണ്ടുകൾക്ക് മുൻപ് പുരാതന മനുഷ്യർ അവയെ വേട്ടയാടി കശാപ്പ് ചെയ്തതായിരിക്കുമെന്നാണ് നിഗമനം. ഓസ്ട്രിയയിലെ സെന്റ് പോൾട്ടനു വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ മേഖല പണ്ട് ആദിമമനുഷ്യരുടെ വേട്ടനിലമായിരുന്നു. മാമ്മത്തുകളുടെ കൊമ്പുകൾ, അസ്ഥികൾ തുടങ്ങിയവയാണ് ഇവിടെ നിന്നു കണ്ടെത്തിയത്. ഏകദേശം 49 അടി (15 മീറ്റർ) അകലെ രണ്ട് വ്യത്യസ്ത മേഖലകളിലായി കൂട്ടമായി കാണപ്പെട്ടെന്നാണ് ഗവേഷകർ പ്രസ്താവനയിൽ പറയുന്നത്. അവയിൽ പലതിലും മനുഷ്യ ഉപകരണങ്ങളിൽ നിന്നുള്ള പാടുകളും പാടുകളും കാണപ്പെട്ടു. രണ്ടാമത്തെ മേഖലയിൽ, മൂന്ന് വ്യത്യസ്ത മാമോത്തുകളുടെ അവശിഷ്ടങ്ങൾ സംഘം കുഴിച്ചെടുത്തത്.

ആനകളുടെ ഇനത്തിൽ പെട്ടവയാണ് മാമ്മത്തുകൾ. 13 അടി വരെ പൊക്കവും 8000 കിലോ ഭാരവും വലിയ കൊമ്പുകളും തുമ്പിക്കൈകകളുമുള്ള ഇവർ 11,700 വർഷങ്ങൾക്ക് മുൻപ് അവസാന ഹിമയുഗത്തിൽ വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവടങ്ങളിൽ ചുറ്റി സഞ്ചരിച്ചിരുന്നെന്നാണ് വിശ്വാസം. ഒട്ടേറെ നോവലുകളിലും ഐസ് ഏജ് പരമ്പര ഉൾപ്പെടെയുള്ള ആനിമേഷൻ ചലച്ചിത്രങ്ങളിലും മാമ്മത്തുകൾ കഥാപാത്രങ്ങളായിട്ടുണ്ട്. ഏഷ്യൻ ആനകൾക്കും മാമ്മത്തുകൾക്കും ഒരേ മുൻഗാമിയാണ് ഉണ്ടായിരുന്നത്. ഇടക്കാലത്ത്, സൈബീരിയയിലെ ഉറഞ്ഞുകിടക്കുന്ന മഞ്ഞുപാളിയിൽ നിന്നും ഒരു മാമ്മത്തിന്റെ ശരീരം കണ്ടെത്തുകയും അതിന്റെ ജനിതകഘടന വേർതിരിച്ചെടുക്കുകയും ചെയ്തിരുന്നു.