കൂട്ടപിരിച്ചുവിടൽ റദ്ദാക്കിയ വിധിക്കെതിരെ ട്രംപ് സുപ്രീംകോടതിയിൽ

Wednesday 26 March 2025 12:16 AM IST

വാഷിംഗ്ടൺ: ആയിരക്കണക്കിന് ജീവനക്കാരുടെ കൂട്ടപിരിച്ചുവിടൽ റദ്ദാക്കിയ കീഴ്കോടതി വിധിക്കെതിരെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സുപ്രീംകോടതിയിൽ. ജീവനക്കാരെ തിരിച്ചെടുക്കണമെന്ന കാലിഫോർണിയ, മേരിലാൻഡ് അടക്കമുള്ള കോടതികളുടെ ഉത്തരവിനെതിരെയാണ് ട്രംപ് സുപ്രീംകോടതിയെ സമീപിക്കുന്നത്. കുടിയേറ്റം, സർക്കാർ ചെലവ് തുടങ്ങിയവയിൽ ജഡ്ജിമാ‍ർ പല തരത്തിൽ സർക്കാർ നയങ്ങളിൽ തടസപ്പെടുത്തൽ നടത്തിയിട്ടുണ്ടെന്ന് ആക്ടിംഗ് സോളിസിറ്റർ ജനറൽ വ്യക്തമാക്കി. 19ഓളം ഫെഡറൽ ഏജൻസികളിൽ നിന്ന് 16,000 ത്തിലധികം പ്രൊബേഷനിലുള്ള ജീവനക്കാരെയാണ് ട്രംപ് ഭരണകൂടം പിരിച്ചുവിട്ടത്. ഈ നടപടിക്കെതിരെ ഡെമോക്രാറ്റ് പാർട്ടികൾ ഭരണത്തിലുള്ള സംസ്ഥാനങ്ങളാണ് കോടതിയെ സമീപിച്ചത്.

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് യു.എസ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി, കൺസ്യൂമർ ഫിനാൻഷ്യൽ പ്രൊട്ടക്ഷൻ ബ്യൂറോ, യു.എസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് തുടങ്ങിയ മൂന്ന് ഏജൻസികൾ ജീവനക്കാരെ പിരിച്ചുവിട്ടത്.

ഇന്ത്യൻ വിദ്യാർത്ഥികൾ ആശങ്കയിൽ

ഫുൾബ്രൈറ്റ് ഉൾപ്പെടെയുള്ള സർക്കാർ ഫണ്ടിംഗ് സ്‌കോളർഷിപ്പുകൾക്കുള്ള ധനസഹായം മരവിപ്പിക്കാനുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്ന്റെ തീരുമാനം ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെ ആശങ്കയിലാക്കി. ഈ തീരുമാനം വിദ്യാർത്ഥികളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും. കോഴ്സ് പാതിവഴിയിലെത്തിയ പലരും ഇനി എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്. വിവിധ വകുപ്പുകൾക്കുള്ള സാമ്പത്തിക സഹായം പുനർനിർണയിക്കാൻ ട്രംപ് സർക്കാർ തീരുമാനിച്ചതിന്റെ ഭാഗമായാണ് നടപടി. അതേസമയം യൂണിവേഴ്സിറ്റികൾ നേരിട്ട് നൽകുന്ന സ്കോളർഷിപ്പുകൾളെ ഇത് ബാധിക്കില്ല.