ഇന്ത്യയ്ക്കെതിരെ കനേഡിയൻ രഹസ്യാന്വേഷണ ഏജൻസി
ഒട്ടാവ: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ചൈനയും ഇന്ത്യയും ഇടപെടാൻ സാദ്ധ്യതയുണ്ടെന്ന് കാനഡയുടെ രഹസ്യാന്വേഷണ ഏജൻസി. കൂടാതെ,റഷ്യയും പാകിസ്ഥാനും ഭീഷണി ഉയർത്തുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. ഏപ്രിൽ 28ന് നടക്കാനിരിക്കുന്ന വോട്ടെടുപ്പിൽ എല്ലാ പിന്തുണ നൽകാനും ഏജൻസി തയ്യാറാണെന്ന് കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് (സി.എസ്.ഐ.എസ്) ഡപ്യൂട്ടി ഡയറക്ടർ വനേസ്സ ലോയിഡ് ഇന്നലെ പറഞ്ഞു. ലോകമെമ്പാടുമുള്ള തിരഞ്ഞെടുപ്പുകളിൽ ഇടപെടാൻ അത്തരം രാജ്യങ്ങൾ കൃത്രിമബുദ്ധി (AI) കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്ന് വനേസ പറഞ്ഞു. എ.ഐ ടൂളുകൾ ഉപയോഗിച്ച് കാനഡയുടെ ജനാധിപത്യ പ്രക്രിയയിൽ ചൈന ഇടപെടാനുള്ള സാദ്ധ്യത വളരെയധികമാണ്. സമൂഹമാദ്ധ്യമങ്ങളെ സ്വന്തം താത്പര്യങ്ങൾക്ക് അനുസരിച്ച് അനുകൂലമാക്കാനും ചൈനീസ് വംശജരെ സ്വാധീനിക്കാനും ഉപയോഗിക്കാം. ഇന്ത്യയ്ക്കും ഇതേ ശേഷിയുണ്ടെന്നും കൂട്ടിച്ചേർത്തു. ആരോപണങ്ങളിൽ ഇന്ത്യയും ചൈനയും നിഷേധിച്ചു. ഈ പരാമർശം ഇരു രാജ്യങ്ങളുമായുള്ള ബന്ധം മോശമാക്കിയേക്കുമെന്ന വിലയിരുത്തലുണ്ട്.