ഒരു ലക്ഷം കോടിയുടെ ബജ്ജറ്റ് അവതരിപ്പിച്ച് ഡൽഹി സർക്കാർ

Wednesday 26 March 2025 1:07 AM IST

ന്യൂഡൽഹി: 27 വർഷത്തിനു ശേഷം ഡൽഹിയിൽ അധികാരത്തിലെത്തിയ ബി.ജെ.പി സർക്കാർ കന്നി ബജ്ജറ്റിൽ വകയിരുത്തിയത് ഒരു ലക്ഷം കോടി. മുൻ ആംആദ്മി സർക്കാരിന്റെ അവസാന ബജ്ജറ്റിൽ നിന്ന് 31.58 ശതമാനം അധികമാണിത്. വിദ്യാഭ്യാസ മേഖലയ്‌ക്ക് കൂടുതൽ പ്രാധാന്യം നൽകി. 19,​291 കോടി വകയിരുത്തി. കഴിഞ്ഞ ബജ്ജറ്റിൽ നീക്കിവച്ചത് 16,​146 കോടിയായിരുന്നു. ചരിത്രപരമെന്ന്,​ബജ്ജറ്റ് അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി രേഖാ ഗുപ്‌ത പറഞ്ഞു. ഡൽഹിയിലെ കുട്ടികൾക്ക് അവരുടെ വീടിനടുത്ത് തന്നെ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 100 സർക്കാർ സ്‌കൂളുകളിൽ ഡോ.എ.പി.ജെ. അബ്‌ദുൾ കലാം ഭാഷാ ലാബുകൾ സ്ഥാപിക്കും. ഇംഗ്ലീഷ്,​ഹിന്ദി,​സംസ്‌കൃതം,​ഫ്രഞ്ച്,​ജർമ്മൻ,​സ്‌പാനിഷ് എന്നിവ ഈ ലാബിൽ പഠിപ്പിക്കും. 21 കോടി വകയിരുത്തി. യമുനയിലെ അടക്കം ജലാശയങ്ങളിലെ ശുചീകരണം,​ മലിനമല്ലാത്ത കുടിവെള്ളം ഉറപ്പാക്കൽ തുടങ്ങിയവയ്‌ക്ക് 9000 കോടി അനുവദിച്ചു.

 ആരോഗ്യമേഖലയെ തഴഞ്ഞെന്ന് ആംആദ്മി പാർട്ടി

ബജ്ജറ്റിൽ ആരോഗ്യമേഖലയെ തഴഞ്ഞെന്ന് മുൻ ആരോഗ്യമന്ത്രിയും ആംആദ്മി പാർട്ടി ഡൽഹി അദ്ധ്യക്ഷനുമായ സൗരഭ് ഭരദ്വാജ് പ്രതികരിച്ചു. 1885 കോടി വെട്ടിക്കുറച്ചത് മൊഹല്ല ക്ലിനിക്കുകളിലെ സൗജന്യ ചികിത്സയെ ബാധിക്കുമെന്നും വ്യക്തമാക്കി.