'രാജീവ് ചന്ദ്രശേഖറിന്റെ തോൽവിക്ക് ഉത്തരവാദി, പാർട്ടിയിൽ നിന്ന് പുറത്താക്കണം'; വിവി രാജേഷിനെതിരെ പോസ്റ്ററുകൾ
തിരുവനന്തപുരം: ബിജെപി നേതാവ് വിവി രാജേഷിനെതിരെ പോസ്റ്ററുകൾ വ്യാപകമാകുന്നു. രാജേഷിന്റെ വീടിന് മുമ്പിലും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് സമീപത്തെ ചുവരുകളിലും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ഇപ്പോഴത്തെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ തോൽവിക്ക് കാരണക്കാരൻ വിവി രാജേഷാണെന്നാണ് പോസ്റ്ററിൽ പറയുന്നത്. ബിജെപി പ്രതികരണവേദി എന്ന പേരിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പിൽ സാമ്പത്തിക തട്ടിപ്പുനടത്തിയ വിവി രാജേഷിനെതിരെ പാർട്ടി നടപടിയെടുക്കണമെന്ന ആവശ്യമാണ് പോസ്റ്ററുകളിൽ ഉന്നയിക്കുന്നത്. രാജേഷ് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും ഇഡി റബ്ബർ സ്റ്റാമ്പല്ലെങ്കിൽ ഇവ കണ്ടുകെട്ടണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നുണ്ട്. തിരുവനന്തപുരം പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് പണംപറ്റി പാർട്ടിയെ തോൽപ്പിച്ചത് രാജേഷാണ്. രാജേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണം. വിവി രാജേഷിന്റെ 15 വർഷത്തിനുള്ളിലെ സാമ്പത്തിക വളർച്ചയെക്കുറിച്ച് പാർട്ടി വിശദമായ അന്വേഷണം നടത്തണമെന്നും പോസ്റ്ററിലുണ്ട്.
അതേസമയം, പോസ്റ്ററുകളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് വിവി രാജേഷ് പ്രതികരിച്ചത്. സംഭവത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പോസ്റ്ററുകളിലെ വാചകങ്ങളിൽ യാതൊരു കഴമ്പുമില്ലെന്നാണ് പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ബിജെപി പ്രതികരണവേദി എന്ന പേരിൽ ഇംഗ്ലീഷിലും മലയാളത്തിലും വന്നിരിക്കുന്ന പോസ്റ്ററുകൾ കഴിഞ്ഞ മൂന്നുപതിറ്റാണ്ടിനിടെ പൊതുപ്രവർത്തകനെന്ന നിലയിൽ ഉണ്ടാക്കിയ തന്റെ പ്രതിച്ഛായയ്ക്കും പ്രശസ്തിക്കും കളങ്കമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. കുറ്റക്കാർക്കെതിരെ എത്രയുംപെട്ടന്ന് നടപടിയെടുക്കണമെന്നും ബിജെപി മുൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റുകൂടിയായ വിവി രാജേഷ് ആവശ്യപ്പെട്ടു.