'ഉടുതുണിക്ക് വരെ സ്വാതന്ത്ര്യം ഉളള കാലമാണ്, അതിന് ആരെങ്കിലും അഭിപ്രായം പറഞ്ഞാലാണ് വലിയ തെറ്റ്'
പൊതുവേദികളിൽ എത്തുമ്പോൾ കേരളത്തിലെ പെൺകുട്ടികൾ വസ്ത്രധാരണത്തിൽ കൂടുതൽ ശ്രദ്ധ നൽകണമെന്ന് നടി മല്ലിക സുകുമാരൻ. എല്ലാ കാര്യത്തിലും സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുന്ന ഒരു തലമുറയുളള സമൂഹമാണ് ഇന്നുളളതെന്നും വസ്ത്രധാരണം പ്രധാനപ്പെട്ടതാണെന്നും അവർ പറഞ്ഞു. ഒരു പരിപാടിയിൽ സ്ത്രീശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലുണ്ടായ അനുഭവം പങ്കുവയ്ക്കുകയായിരുന്നു മല്ലിക സുകുമാരൻ. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിനിടയിലാണ് അവർ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
'ഇന്ന് സ്വാതന്ത്ര്യം എന്നതിനെ പലരും പല രീതിയിലാണ് നിർവചിക്കുന്നത്. കുട്ടികളുടെ വസ്ത്ര ധാരണരീതിയെക്കുറിച്ച് ഞാൻ പല സ്ഥലങ്ങളിലും പറഞ്ഞിട്ടുണ്ട്. സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് ഞാൻ സംസാരിച്ചിരുന്നു. എന്താണ് സ്ത്രീശാക്തീകരണം എന്ന് ഞാൻ അവരോട് ചോദിച്ചു. ഇപ്പോൾ ഉടുതുണിക്ക് വരെ സ്വാതന്ത്ര്യം വേണമെന്ന നിലയിൽ എത്തി. മര്യാദയ്ക്ക് വസ്ത്രം ധരിച്ച് നടന്നവരുടെ രീതി മാറി. അതൊക്കെ അവരുടെ ഇഷ്ടമാണ്.
അതിന് ആരെങ്കിലും ഒരു അഭിപ്രായം പറഞ്ഞാൽ അതാണ് സ്ത്രീകൾക്ക് തെറ്റ്. അതിനൊന്നിനും പുരുഷൻമാരെ കുറ്റം പറയാൻ കഴിയില്ല. എന്നിട്ട് ഞാൻ സ്ത്രീവിരോധിയാണെന്ന് പറയും. ഇതൊക്കെ നമ്മൾ പറയിപ്പിക്കുന്നതാണ്. നമുക്ക് എല്ലാ കാര്യങ്ങൾക്കും ഒരു കാഴ്ചപ്പാടുണ്ട്. കേരളത്തിലെ പെൺകുട്ടികൾ ഒരു പൊതുവേദിയിൽ എത്തുമ്പോൾ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് കാഴ്ചപ്പാടുണ്ട്. എല്ലാം നമ്മൾ ചിന്തിക്കേണ്ടതുണ്ട്. നമ്മുടെ വസ്ത്രധാരണം എല്ലാ കാര്യങ്ങളും പ്രതിഫലിപ്പിക്കും'- മല്ലിക സുകുമാരൻ പറഞ്ഞു.