നിജു തന്നെ വഞ്ചിച്ചു, എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നു, പരാതി ഒത്തുതീർപ്പിനുള്ള തന്ത്രമാണെന്ന് മറുപടിയുമായി ഷാൻ റഹ്‌മാൻ

Wednesday 26 March 2025 7:57 PM IST

കൊച്ചി: സംഗീത നിശയുടെ പേരിൽ പണംതട്ടിയെന്ന വഞ്ചനാകേസിൽ പ്രതികരിച്ച് സംഗീത സംവിധായകൻ ഷാൻ റഹ്‌മാൻ. യഥാർത്ഥ പ്രശ്‌നത്തിൽ നിന്നും ശ്രദ്ധ തിരിച്ച് വിടാനും കേസ് അട്ടിമറിക്കാനും ഒത്തുതീർ‌പ്പിനുമുള്ള തന്ത്രമാണ് പരാതിയെന്ന് ഷാൻ റഹ്‌മാൻ പ്രതികരിച്ചു. നിജു തന്നെ വഞ്ചിച്ചെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷാനും ഭാര്യ സൈറ ഷാനും സംയുക്തമായി പുറത്തിറക്കിയ പ്രസ്‌താവനയിലാണ് ഇക്കാര്യം പറയുന്നത്.

ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തുന്ന സംഗീത പരിപാടിയുടെ ഷോ ഡയറക്‌ടറും പരാതിക്കാരനുമായ നിജു രാജ് എബ്രഹാം ജനങ്ങളെയും മാദ്ധ്യമങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ തെറ്റായ വാർ‌ത്തകൾ പ്രചരിപ്പിക്കുകയാണ്. കേസ് അട്ടിമറിക്കാനും ഒത്തുതീർപ്പിനും മെനഞ്ഞ തന്ത്രമാണ് ഇപ്പോഴത്തെ ആരോപണങ്ങൾ. എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നുവെന്നും ഷാൻ റഹ്‌മാൻ പ്രസ്‌താവനയിൽ പറയുന്നു.

ഷാൻ റഹ്മാന്റെ നേതൃത്വത്തിൽ എറ്റേണൽ റേ പ്രൊഡക്ഷൻസ് എന്ന മ്യൂസിക് ബാന്റ് ജനുവരി 23ന് കൊച്ചിയിൽ നടത്തിയ 'ഉയിരെ' എന്ന പേരിലുള്ള സംഗീത നിശയുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തർക്കവും വഞ്ചനാ കേസും. ഉയിരെ സംഗീത നിശയുടെ സംഘാടനം ഏറ്റെടുത്തത് കൊച്ചിയിലെ ഇവന്റ്മാനേജ്‌മെന്റ് കമ്പനിയായ അറോറ ആയിരുന്നു. പരിപാടിയുടെ പ്രൊഡക്ഷൻ, താമസം, ഭക്ഷണം, യാത്ര, പാർക്കിംഗ് ഗ്രൗണ്ടിന്റെ പണം തുടങ്ങി ബൗൺസർമാർക്ക് കൊടുക്കേണ്ട തുക വരെ അറോറ ചെലവിട്ടു. ആകെ 34 ലക്ഷം രൂപ ചെലവായെന്നും അഞ്ച് പൈസപോലും തിരികെ ലഭിച്ചില്ലെന്നുമാണ് അറോറ കമ്പനി ഉടമ നിജുരാജ് പരാതിയിൽ പറയുന്നത്.

പണം ചോദിച്ച് ഷാനിനെ ബന്ധപ്പെട്ടപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും കള്ളക്കേസിൽ കുടുക്കുമെന്ന് പറഞ്ഞതായും നിജു ആരോപിക്കുന്നു. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. പരിപാടിയുമായി ബന്ധപ്പെട്ട് നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയതിനും റോഡിൽ ഗതാഗത തടസമുണ്ടാക്കിയതിനും ഷാനിനെതിരെ വേറെയും കേസുകളുണ്ട്.

അതേസമയം മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ച ഷാൻ റഹ്മാനോട് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചു. എന്നാൽ ഇതുവരെ അദ്ദേഹം ഹാജരായിട്ടില്ല.