നന്മയും തിന്മയും തമ്മിലുള്ള കളിയുടെ അവസാനം മോക്ഷമാണ്,​ മാസ് ലുക്കിൽ മമ്മൂട്ടി,​ ബസൂക്ക ട്രെയിലർ പുറത്ത്

Wednesday 26 March 2025 9:20 PM IST

മമ്മൂട്ടി നായകനായി നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർമ്മിക്കുന്ന ബസൂക്ക ട്രെയിലർ പുറത്തിറങ്ങി. മോഹൻലാൽ നായകനായ എമ്പുരാന്റെ റിലീസിന് മണിക്കൂറുകൾക്ക് മുമ്പെയാണ് ബസൂക്കയുടെ ട്രെയിലർ എത്തിയത്. അതിനാൽ കേരളത്തിലെ തിയേറ്ററുകളിൽ എമ്പുരാൻ റിലീസിന് മുന്നോടിയായി ബസൂക്കയുടെ ട്രെയിലറും പ്രദർശിപ്പിക്കും.

മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങളും മാസ് ഡയലോഗുകളും നിറഞ്ഞ ട്രെയിലറാണ് പുറത്തിറങ്ങിയത്. മമ്മൂട്ടിയോടൊപ്പം തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ ചിത്രത്തിൽ നിർണായക വേഷത്തിൽ എത്തുന്നു. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രത്തെയാണ് ഗൗതം മേനോൻ അവതരിപ്പിക്കുന്നത്. ട്രെയിലറിൽ മാസ് ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. പഞ്ച് ഡയലോഗുകളാണ് മറ്റൊരു ഹൈലൈറ്റ്.

സിദ്ധാർത്ഥ് ഭരതൻ, ബാബു ആന്റണി, ഹക്കിം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നീസ്, സുമിത് നേവൽ, ദിവ്യപിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റു താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ ചിത്രങ്ങൾക്കുശേഷം സരിഗമയും തിയേറ്റർ ഒഫ് ഡ്രീംസും ചേർന്നാണ് നിർമ്മാണം. ചിത്രം ഏപ്രിൽ 10 ന് റിലീസ് ചെയ്യും. ടർബോയുടെ വൻവിജയത്തിന് ശേഷം റീലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്.