കാൻസറിനും പ്രമേഹത്തിനും ഉൾപ്പെടെയുള്ള നിയന്ത്രിത മരുന്നുകളുടെ വില വർദ്ധിച്ചേക്കും

Wednesday 26 March 2025 11:17 PM IST

ന്യൂഡൽഹി : കാൻസർ,​ പ്രമേഹം,​ ഹൃദയ സംബന്ധമായ അസുഖങ്ങൾ ,​ മറ്റ് ആന്റിബയോട്ടിക്കുകൾ എന്നിവയുൾപ്പെടെയുള്ള നിയന്ത്രിത മരുന്നുകളുടെ വില ഉടൻ വർദ്ധിക്കുമെന്ന് റിപ്പോർട്ടുകൾ. മരുന്നുകളുടെ വിലയിൽ 1.7 ശതമാനം വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്. അസംസ്കൃത വസ്തുക്കളുടെ വിലയും മറ്റു ചെലവുകളും വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രിത മരുന്നുകളുടെ വില വർദ്ധിപ്പിക്കുന്നത് ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രിക്ക് ആശ്വാസം നൽകുമെന്ന് ഓൾ ഇന്ത്യ ഓർഗനൈസേഷൻ ഓഫ് കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ് ജനറൽ സെക്രട്ടറി രാജീവ് സിംഗാൾ ബിസിനസ് ടുഡേയോട് പറഞ്ഞു.

വിപണിയിൽ രുന്നുകളുടെ വില വർദ്ധന പ്രാബല്യത്തിൽ വരാൻ രണ്ടോ മൂന്നോ മാസം കൂടി എടുക്കും. ഏകദേശം 90 ദിവസത്തെ വില്പനയ്ക്കുള്ള മരുന്നുകൾ ഏതു സമയത്തും വിപണിയിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മരുന്നുകളുടെ വില നിർണ്ണയത്തിലെ ചട്ടങ്ങൾ ഫാർമ കമ്പനികൾ ആവർത്തിച്ച് ലംഘിക്കുന്നതായി കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് സംബന്ധിച്ച പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി പഠനം വെളിപ്പെടുത്തിയിരുന്നു. മരുന്നുകളുടെ വില നിശ്ചയിക്കുന്ന ഇന്ത്യയിലെ നിയന്ത്രണ ഏജൻസിയായ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിട്ടി ,​ ഫാർമ കമ്പനികൾ 307 നിയമലംഘനങ്ങൾ നടത്തിയതായി കണ്ടെത്തിയിരുന്നു.