അതിരപ്പിള്ളിയിലെ കാപ്പിയും കുരുമുളകും യൂറോപ്പിലേക്ക്
തൃശൂർ: അതിരപ്പിള്ളിയിലെ കാപ്പിയും കുരുമുളകും അടുത്ത മൂന്നു മാസത്തിനുള്ളിൽ യൂറോപ്യൻ മാർക്കറ്റിലെത്തും. അതിരപ്പിള്ളിയിൽ കൃഷിവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ട്രൈബൽ വാലി കാർഷിക ഉത്പാദക കമ്പനിയുടെ ഉത്പന്നങ്ങളാണ് യൂറോപ്പിലേക്ക് എത്തിക്കുന്നത്. അതിരപ്പിള്ളിയിലെ ട്രൈബൽ മേഖലയിലുള്ളവർക്ക് കൂടുതൽ വരുമാനം ലഭിക്കുന്നതിനാണ് ഇടനിലക്കാരില്ലാതെ മാർക്കറ്റ് വിലയ്ക്ക് കാപ്പിയും കുരുമുളകും വാങ്ങി കമ്പനി കയറ്റുമതി ചെയ്യുന്നത്. അടുത്ത മൂന്നു വർഷത്തേക്ക് ഓരോ വർഷവും രണ്ട് ടൺ വീതം കുരുമുളക് സ്വീഡനിലേക്കാണ് അയക്കുന്നത്. അടുത്ത അഞ്ചു വർഷത്തേക്ക് ഓരോ വർഷവും 20 ടൺ കാപ്പി വീതം കയറ്റുമതി ചെയ്യും. കയറ്റുമതി ചെയ്യുന്ന കാപ്പിക്കുരു അവിടെയുള്ള ഏജൻസി പൊടിച്ച് പ്രീമിയം ഉത്പന്നമാക്കി മാർക്കറ്റിലെത്തിക്കും. കാപ്പിയുടെ ഇനങ്ങളായ റോബസ്റ്റ, ലിബറിക്ക എന്നീ ഇനങ്ങളാണ് മാർക്കറ്റിലെത്തിക്കുന്നത്. ട്രൈബൽ കർഷകരുടെ ഉന്നമനത്തിനായി 2023ൽ റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായാണ് അതിരപ്പിള്ളി ട്രൈബൽ ഫാർമേഴ്‌സ് ക്ലബിന് രൂപം നൽകിയത്. പരിശോധനയിൽ ഉയർന്ന നിലവാരം
അതിരപ്പിള്ളിയിലെ ട്രൈബൽ വാലി കാർഷിക ഉത്പാദക കമ്പനിയുടെ കുരുമുളകും കാപ്പിയും അന്താരാഷ്ട്ര ലാബിൽ പരിശോധിച്ച് ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്നതാണെന്ന് സർട്ടിഫിക്കറ്റ് ലഭിച്ചിതിനെ തുടർന്നാണ് കയറ്റുമതിക്ക് അനുമതി ലഭിച്ചത്. 330 ഹെക്ടർ സ്ഥലത്താണ് പൂർണമായും ജൈവരീതിയിൽ കാപ്പി, കുരുമുളക്, മഞ്ഞൾ, കൊക്കോ തുടങ്ങിയവ കൃഷി ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് സംബന്ധിച്ച് യൂറോപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെ.എസ് ആൻഡ് ടീ അസോസിയേറ്റ്‌സ് എന്ന സ്ഥാപനവുമായി മന്ത്രി പി. പ്രസാദ് ധാരണാപത്രം ഒപ്പിട്ടിരുന്നു.
കമ്പനി വഴി കയറ്റുമതി ചെയ്യുന്നതിലൂടെ കർഷകർക്ക് കൂടുതൽ പണം ലഭിക്കും. ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള തടസവും ഉണ്ടാകില്ല. എം. രതീഷ് എഫ്.പി.സി ചെയർമാൻ അതിരപ്പിള്ളി ട്രൈബൽ വാലി