എമ്പുരാനിൽ ഒന്നല്ല, രണ്ട് സർപ്രൈസ് താരങ്ങൾ, ഒരു രക്ഷയുമില്ല; സിനിമ കണ്ട പ്രേക്ഷകരുടെ പ്രതികരണം

Thursday 27 March 2025 9:45 AM IST

'എമ്പുരാൻ' ആദ്യ ഷോ അവസാനിച്ചു. കേരളത്തിൽ 750ലധികം സ്‌ക്രീനുകളിലാണ് പ്രദർശനം. കൊച്ചിയിലെ ആദ്യ ഷോയ്ക്ക് മോഹൻലാലും പൃഥ്വിരാജും മഞ്ജു വാര്യരും ടൊവിനോയും അടക്കമുള്ള താരങ്ങളും അണിനിരക്കാരും എത്തിയിരുന്നു. കുടുംബത്തോടൊപ്പമാണ് ഇവരെല്ലാം എത്തിയത്. ഇതൊരു മാസ് പടമാണെന്നാണ് പ്രേക്ഷകർ പറയുന്നത്. രണ്ട് സർപ്രൈസ് താരങ്ങൾ എമ്പുരാനിലുണ്ടെന്നാണ് വിവരം. എന്നാൽ സിനിമയുടെ ആസ്വാദനത്തെ ബാധിക്കുമെന്നതിനാൽ ആരാണ് ഈ താരങ്ങൾ എന്ന് പ്രേക്ഷകർ വെളിപ്പെടുത്തിയിട്ടില്ല. സിനിമയുടെ ടെക്നിക്കൽ വശത്തെ പുകഴ്ത്തുന്നവരും ഏറെയാണ്.

'നല്ല പടം. ഫസ്റ്റ് ഹാഫും സെക്കൻഡ് ഹാഫും സൂപ്പറാണ്. സർപ്രൈസ് എൻട്രി ഉണ്ട്', 'അടിപൊളി, ഒരു രക്ഷയുമില്ല.', 'പ്രതീക്ഷകൾക്കും മേലെ, ഹോളിവുഡ് ലെവൽ, അസാദ്ധ്യ മേക്കിംഗ്', 'കിടു, സൂപ്പർ വില്ലൻ, പൃഥ്വിരാജ് കലക്കി, ലാലേട്ടൻ പൊളിച്ചു'- ഇതൊക്കെയാണ് പ്രേക്ഷകരുടെ പ്രതികരണം. പ്രദർശനം തുടങ്ങുന്നതിന് മുമ്പ് തന്നെ ഇതൊരു മാസ് പടമായിരിക്കുമെന്ന പ്രതീക്ഷ നിരവധി പേർ കൗമുദി മൂവീസിനോട് പങ്കുവച്ചിരുന്നു. അടുത്ത ഷോയ്ക്കും മിക്ക തീയേറ്ററുകളിലും ഹൗസ്‌ഫുള്ളാണ്.

മലയാളത്തിലെ ആദ്യ 50 കോടി ഓപ്പണിംഗ് (ആദ്യ ദിന കളക്ഷൻ) നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാൻ. ലോകമെമ്പാടും നേടിയിരിക്കുന്ന അഡ്വാൻസ് ബുക്കിംഗിലൂടെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്‌കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.