ഐശ്വര്യ റായിയുടെ ആഡംബര കാർ അപകടത്തിൽപ്പെട്ടു, പിന്നാലെ സംഘർഷം

Thursday 27 March 2025 10:42 AM IST

മുംബയ്: നടി ഐശ്വര്യ റായിയുടെ ആഡംബര കാർ ബസുമായി കൂട്ടിയിടിച്ച് അപകടം സംഭവിച്ചെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ നടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ആരാധകർ ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ അപകടം സംഭവിച്ച സമയത്ത് ഐശ്വര്യ റായ് കാറിലുണ്ടായിരുന്നില്ലെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ താരം സുരക്ഷിതയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ.

അപകടത്തിന്റെ ദൃശ്യങ്ങൾ ഇന്നലെ തന്നെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തതനുസരിച്ച് ജുഹു താര റോഡിലെ അമിതാഭ് ബച്ചന്റെ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നതിന് സമീപത്തായാണ് അപകടം സംഭവിച്ചത്. അപകടം സംഘർഷത്തിലേക്ക് എത്തിയെന്നും വിവരമുണ്ട്. അപകടം ഉണ്ടായതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ബസ് ഡ്രൈവറിനു നേരെയും ആക്രമം ഉണ്ടായി. ഇതിൽ ബംഗ്ലാവിലെ ജീവനക്കാർ ഡ്രൈവറിനോട് ക്ഷമാപണം നടത്തിയിട്ടുണ്ട്. അപകടത്തിൽ പൊലീസ് കേസെടുത്തിട്ടില്ല.


ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച് നാളുകളായി പുറത്തുവന്നിരുന്നു. ഇതിനെക്കുറിച്ച് താരങ്ങൾ ഔദ്യോഗികമായി യാതൊരു സ്ഥിരീകരണങ്ങളും നടത്തിയിട്ടില്ല. കഴിഞ്ഞ വർഷം നടന്ന പൊതുപരിപാടികളിൽ രണ്ടു പേരെയും ഒരുമിച്ച് കാണാതായതോടെയാണ് വേർപിരിയുമെന്ന സൂചന ആരാധകർക്ക് ലഭിച്ചത്. അതിനിടയിൽ അഭ്യൂഹങ്ങൾക്ക് മറുപടിയെന്നോണം സംവിധായകൻ അശുതോഷ് ഗോവാരിക്കറുടെ മകൻ കൊണാർക്കിന്റെ വിവാഹത്തിന് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവം എന്ന ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളിലായാണ് ഐശ്വര്യ റായ് അവസാനമായി അഭിനയിച്ചത്.