അഭ്യൂഹങ്ങൾക്ക് വിട; നടൻ പ്രഭാസ് വിവാഹിതനാകുന്നു, വധുവിനെ തെരഞ്ഞ് ആരാധകർ

Thursday 27 March 2025 5:48 PM IST

തെലുങ്ക് സൂപ്പർ സ്റ്റാർ പ്രഭാസ് വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട്. ഹൈദരാബാദ് സ്വദേശിയായ പ്രമുഖ ബിസിനസുകാരന്റെ മകളുമായി നടന്റെ വിവാഹം ഉറപ്പിച്ചുവെന്നാണ് ചില തെലുങ്ക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രഭാസിന്റെ അന്തരിച്ച അമ്മാവനും നടനും കേന്ദ്രമന്ത്രിയുമായിരുന്ന കൃഷ്ണം രാജുവിന്റെ ഭാര്യ ശ്യാമളാദേവിയാണ് വിവാഹക്കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. വിവാഹം ഉടൻതന്നെ ഉണ്ടാകുമെന്നാണ് വിവരം.

45കാരനായ പ്രഭാസ് 2002-ല്‍ ഈശ്വര്‍ എന്ന സിനിമയിലൂടെയാണ് അഭിനയത്തിന് തുടക്കംകുറിച്ചത്. രാജമൗലി ചിത്രം ബാഹുബലി പരമ്പരയിലെ ചിത്രങ്ങളിലൂടെ പാന്‍- ഇന്ത്യന്‍ താരമായി ഉയര്‍ന്നു. തുടര്‍ന്നുവന്ന സാഹോ, സലാര്‍, കല്‍കി എന്നീ ചിത്രങ്ങള്‍ പ്രഭാസിന്റെ താരമൂല്യമുയര്‍ത്തി. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളില്‍ ഒരാളാണ് പ്രഭാസ്. നിലവിൽ ദി രാജാ സാബ്, ഫൗജി എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് പ്രഭാസ്.

ബാഹുബലിയില്‍ താരത്തിന്റെ നായികമാരില്‍ ഒരാളായി അഭിനയിച്ച അനുഷ്‌ക ഷെട്ടിയുമായി ബന്ധപ്പെടുത്തി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാൽ, രണ്ടുപേരും ഇത്തരം അഭ്യൂഹങ്ങള്‍ തള്ളിയിരുന്നു.