മൾട്ടി സ്റ്റാർ ചിത്രവുമായി പൃഥ്വിരാജ്, നിർമ്മാണം ഗോകുലം ഗോപാലൻ
എമ്പുരാൻ വിജയകുതിപ്പ് നടത്തുമ്പോൾ മോഹൻലാൽ നായകനായി അടുത്ത ചിത്രം സംവിധാനം ചെയ്യാൻ പൃഥ്വിരാജ് ഒരുങ്ങുന്നു. മോഹൻലാൽ, പൃഥ്വിരാജ്, ഫഹദ് ഫാസിൽ എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഒരുങ്ങുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആയിരിക്കും നിർമ്മാണം. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് വിവരം. മോഹൻലാൽ നായകനായി ലൂസിഫറിലൂടെയാണ് പൃഥ്വിരാജ് സംവിധായകനാകുന്നത്. ബ്രോ ഡാഡി, ലൂസിഫറിന്റെ തുടർച്ചയായ എമ്പുരാൻ എന്നീ ചിത്രങ്ങളിലും മോഹൻലാൽ ആയിരുന്നു നായകൻ. മൂന്നു ചിത്രങ്ങളിലും പൃഥ്വിരാജ് അഭിനയിക്കുകയും ചെയ്തു.അതേസമയം
ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുംവിധം ഒരുക്കിയ എമ്പുരാൻ ലോകമെമ്പാടും വലിയ ജനപ്രീതിയാണ് നേടുന്നത്. മോഹൻലാലും പൃഥ്വിരാജും മഞ്ജുവാര്യരും, ടൊവിനോ തോമസും നിറഞ്ഞു നിൽക്കുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗം ഉണ്ടാകുമെന്ന സൂചന നൽകിയാണ് എമ്പുരാൻ അവസാനിക്കുന്നത്. ആശിർവാദ് സിനിമാസിന്റെയും ലൈക പ്രൊഡക്ഷൻസിന്റെയും ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ ആണ് നിർമ്മിച്ചത്.അതേസമയം വിലായത്ത് ബുദ്ധ പൂർത്തിയാക്കിയ പൃഥ്വിരാജ് രാജമൗലി ചിത്രത്തിലാണ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രതിനായകനായി എത്തുന്ന ചിത്രത്തിൽ മഹേഷ് ബാബു ആണ് നായകൻ. വിപിൻദാസ്, നിസാം ബഷീർ എന്നിവരുടെ ചിത്രങ്ങളാണ് മലയാളത്തിൽ. വിപിൻദാസ് സംവിധാനം ചെയ്യുന്ന സന്തോഷ് ട്രോഫി ആണ് ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം.