അഞ്ചു മില്യൺ കാഴ്ചക്കാരുമായി ബസൂക്ക ട്രെയിലർ

Saturday 29 March 2025 3:27 AM IST

മമ്മൂട്ടി നായകനായി നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ബസൂക്കയുടെ ട്രെയിലർ അഞ്ചു മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കി. മാസ് ആക്ഷനും ഡയലോഗും ആയി എത്തിയ ട്രെയിലർ മമ്മൂട്ടി ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. മമ്മൂട്ടി സ്റ്റൈലിഷ് ലുക്കിൽ എത്തുന്നതാണ് ബസൂക്കയുടെ ഏറ്റവും വലിയ ആകർഷണീയത. ക്യാമറയുടെ കരവിരുത് നിമിഷ് രവി തീർക്കുന്നുണ്ടെന്ന് ട്രെയിലർ അറിയിക്കുന്നു. മനോഹരമാണ് ചിത്രത്തിന്റെ വിഷ്വൽ ബ്യൂട്ടി. തമിഴിലെ പ്രശസ്ത സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ ബെഞ്ചമിൻ ജോഷ്വാ എന്ന നിർണായക കഥാപാത്രമായി എത്തുന്നു. ഇടവേളയ്ക്കു ശേഷം മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമായി ബാബു ആന്റണി എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഹക്കിം ഷാജഹാന്റെ കരിയറിലെ മികച്ച കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് വിലയിരുത്തൽ. ഏപ്രിൽ 10ന് റിലീസ് ചെയ്യും.